കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്
ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത് കേരളീയ വേഷത്തിൽ. രാവിലെ കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിൽ ഇറങ്ങി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി മുണ്ടും മേൽമുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തിൽ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു.
പൂര്‍ണ്ണകുംഭം നൽകിയാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഗുരുവായൂരിൽ സജ്ജമാക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് വലിയ ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് മോദിയെ കാണാൻ തടിച്ച് കൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഏഴ് മണിമുതൽ ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഗുരുവായൂർ ക്ഷേത്രം ദിവ്യമാണ്. രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോദിയുടെ ട്വീറ്റ്:

: മോദിയെ പൂർണകുഭം നൽകി സ്വീകരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയപ്പോൾ, വാഹനത്തിൽ അനുയായികളെ നോക്കി അഭിവാദ്യം ചെയ്താണ് അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയത്.
മോദിയുടെ സന്ദർശനത്തിന്‍റെ ദൃശ്യങ്ങൾ:
പ്രധാനമന്ത്രിയെത്തുമ്പോൾ താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്താനുള്ള ക്രമീകരണങ്ങൾ ദേവസ്വം അധികൃതര്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോദി ചെലവഴിച്ചത്. 111 കിലോ താമരപ്പൂ കൊണ്ടാണ് പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തിയത്. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകളും നടത്തി.

പ്രധാനമന്ത്രി പ്രത്യേക താൽപര്യമെടുത്ത് ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും പാൽപായസ നിവേദ്യവും നടത്തിയ പ്രധാനമന്ത്രി അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു.

ഒരു മണിക്കൂര്‍ ക്ഷേത്രത്തിലുണ്ടാകുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും അരമണിക്കൂറിനകം ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ക്ഷേത്രത്തിന് പുറത്തിറങ്ങി. ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ മോദി ദേവസ്വം മന്ത്രിയുമായും ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പൈതൃക സംരക്ഷണമടക്കം 452 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്.
