തിരുവനന്തപുരം: യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം യുവമോർച്ചാ നേതാവ് സ്മിതാമേനോൻ പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടി. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്. 

2019 നവംബറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച്  സ്മിതാമേനോൻ പങ്കെടുത്തത് വിവാദമായിരുന്നു. വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിതാ മേനോന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞ വി മുരളീധരന്‍ പിന്നീട് നിലപാട് തിരുത്തി രംഗത്തെത്തി.

ആര്‍ക്ക് വേണമെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നായിരുന്നു പിന്നീട് മുരളീധരന്റെ വിശദീകരണം. സ്മിതാ മേനോന്‍ സ്റ്റേജിലല്ല ഇരുന്നതെന്നും വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. പിആര്‍ ഏജന്‍സിയുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിതാ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്മിതാ മേനോന്‍ മഹിളാ മോര്‍ച്ചയുടെ പുതിയ ഭാരവാഹിപ്പട്ടികയില്‍ സംസ്ഥാന സെക്രട്ടറിയാണ്.