യഥാർത്ഥ ഇടതു നിലപാട് ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ.

തിരുവനന്തപുരം: പിഎം ശ്രീയിൽ നിന്ന് പിന്മാറിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് സംസ്ഥാനം അയക്കുന്നത് ഉറപ്പാക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾ. സർക്കാറിനെ കൊണ്ട് തിരുത്തിക്കാനായത് പാർട്ടിയുടെ വലിയ നേട്ടമാണെന്ന് യോഗം വിലയിരുത്തി. യഥാർത്ഥ ഇടതു നിലപാട് ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും വാക്പോരുണ്ടായിട്ട് സിപിഐ മാത്രം ഖേദം പറയേണ്ടെന്നായിരുന്നു നിലപാട്.

എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു കേരളത്തിന്

എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നേട്ടം. കരാറിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. നിലവില്‍ കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിലെ കാര്യത്തില്‍ സംശയങ്ങൾ നിലനില്‍ക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാനാകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. എന്നാല്‍ ഇതുവരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.

സർവ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചു. അർഹമായ തുക പോലും സംസ്ഥാനത്തിന് നൽകുന്നില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. ഈക്കാര്യത്തിൽ ജനുവരിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. പിന്നാലെയാണ് കേരളത്തിന് ഫണ്ട് ലഭിച്ചിരിക്കുന്നത്. 

YouTube video player