എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം ഘടകകക്ഷികളെ ഇരുട്ടിലാക്കാൻ ആകില്ലെന്നും വ്യക്തമാക്കി.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി എം ശ്രീയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. ഇതല്ല എല്‍ഡിഎഫിന്‍റെ ശൈലി. ഇതാകരുത് എല്‍ഡിഎഫിന്‍റെ ശൈലി. മുന്നണി മര്യാദയുടെ ലംഘനമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. ഇത് എല്‍ഡിഎഫിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ്. സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്‍റെ വഴിയല്ല, തിരുത്തപ്പെടണമെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഞ്ചോ പത്തോ കൊല്ലം ഭരിക്കാൻ മാത്രമുള്ള മുന്നണിയല്ല. ബദൽ കാഴ്ചപ്പാടും പരിപാടിയും ആണ് എൽഡിഎഫിന്റെ മഹത്വം. ഗൗരവമായ വിഷയത്തിൽ എംഒയു ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലെ മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നു. രണ്ട് തവണ മന്ത്രിസഭയിൽ വന്നു, നയപരമായ തീരുമാനത്തിന് മാറ്റി വച്ച വിഷയം ആണിത്. പിന്നീട് ഒരിക്കലും എൽഡിഎഫിൽ ചർച്ചക്ക് വന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഒപ്പിട്ടത് വാർത്ത കണ്ടപ്പോള്‍ അന്വേഷിച്ചു, വാർത്ത ശരിയാണെന്ന് മനസിലായി. കേൾക്കുന്ന വാർത്ത ശരിയെങ്കിൽ മുന്നണി മര്യാദയുടെ ലംഘനം എന്ന് ഇന്നലെ പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുന്നുവെന്നും ബിനോയ് വിശ്വം. 

ഈ ശൈലി തിരുത്തപ്പെടണം. എൽഡിഎഫ് കൺവീനർക്കും ഘടക കക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. സിപിഐ നിലപാട് വളരെ വ്യക്തമായി അതിൽ പറഞ്ഞിട്ടുണ്ട്. എൻഇപിയെ ഷോക്കേസ് ചെയ്യാനുള്ള പദ്ധതിയെങ്കിൽ ഇതെങ്ങനെ മുന്നോട്ട്.പോകും? സിപിഐക്ക് മാത്രമല്ല സിപിഎമ്മിനും ആശങ്കയുണ്ട്. പ്രതീക്ഷയുടെ പക്ഷമാണ് ഇടതുപക്ഷം. പാഠ്യപദ്ധതിയെ പോലും സ്വാധീനിക്കുന്നതാണിത്. ശിവൻകുട്ടി സഖാവും സുഹൃത്തുമാണ്. ഇടതുപക്ഷ നേതാവിന്റെ ഭാഷയിൽ ഇപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. അസ്വാഭാവിക തിരക്കോടെ, ചർച്ചയോ ആലോചനയോ നയപരമായ തീരുമാനമോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥ ദില്ലിയിൽ പോയി ഒപ്പുവക്കുന്നു. സർക്കാരിന് കാര്യം ബോധ്യപ്പെട്ടേ തീരൂവെന്ന് പറഞ്ഞ ബിനോയ് വിശ്വം ശിവൻകുട്ടിയെ വിശ്വാസത്തിലെടുക്കുന്നുവെന്നും വ്യക്തമാക്കി. 

എൻഇപിയിലേക്ക് ചാടും മുൻപ് രണ്ടുവട്ടം ചിന്തിക്കണം. ഇതെന്ത് സർക്കാരാണെന്നും എന്ത് കൂട്ടുത്തരവാദിത്തം ആണ് ഉള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു. ആഴമറിഞ്ഞ് ഇടതുപക്ഷം പ്രവർത്തിക്കണം. ഗവൺമെൻറ് മുന്നണിയും പാലിക്കേണ്ട സാമാന്യമര്യാദ പാലിക്കണം. മുന്നണി മര്യാദകളുടെ ലംഘനമാണ്. എൽഡിഎഫിനെ സിപിഐ കാണുന്നത് ദേശീയവീക്ഷണത്തിലാണ്. നിസ്സാരമായി കാണാൻ ആരു ശ്രമിച്ചാലും സിപിഐ അനുവദിക്കില്ല. ആലപ്പുഴയിലാണ് 27ന് എക്സിക്യൂട്ടീവ്. ആ യോഗത്തിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യും. ലോകാവസാനം വരെ ആർഎസ്എസ് അജണ്ടയെ എതിർക്കണമെന്നും വാര്‍ത്താസമ്മേളനത്തിൽ ബിനോയ് വിശ്വം വ്യക്തമാക്കി. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്