സമസ്തയിൽ ലീഗ് വിരുദ്ധർ, നടപ്പാക്കുന്നത് സിപിഎം താത്പര്യം; സമസ്ത വിശ്വാസി അല്ലെന്നും പിഎംഎ സലാം
തനിക്കെതിരെ സമസ്ത നേതാക്കൾ വിമർശനം ഉന്നയിക്കുന്നതിന് കാരണം താൻ പറഞ്ഞത് കൊള്ളേണ്ടവർക്ക് കൊണ്ടത് കൊണ്ടാണ്

കോഴിക്കോട്: ഒരു വിഭാഗം സമസ്ത നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ടെന്നും ഇവർ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും സലാം ആരോപിച്ചു. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ പ്രതികരിച്ചു.
തനിക്കെതിരെ സമസ്ത നേതാക്കൾ വിമർശനം ഉന്നയിക്കുന്നതിന് കാരണം താൻ പറഞ്ഞത് കൊള്ളേണ്ടവർക്ക് കൊണ്ടത് കൊണ്ടാണ്. താൻ സമസ്ത വിശ്വാസി അല്ല. അതിൽ എന്താണ്, ആർക്കാണ് പ്രശ്നം? താൻ നടത്തിയ പരസ്യ വിമർശനം പാർട്ടിയുടെ അനുമതിയോടെയാണ്. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ എന്ന് പറഞ്ഞ മത നേതാക്കൾ സമസ്തയുടെ വില ഇടിക്കുന്നു. മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ മുഴുവൻ അഴിഞ്ഞാട്ടക്കാരികളാണോ?
സാദിഖ് അലി തങ്ങളെ ഇകഴ്ത്തി കാട്ടി ലീഗിനെ ദുർബലമാക്കാൻ ആണ് ചിലരുടെ ശ്രമം. സമസ്തയിൽ വിരലിലെണ്ണാവുന്ന ചിലർ പലയിടത്തും പൊതുയോഗങ്ങളിൽ മുസ്ലിം ലീഗിനെ പരസ്യമായി വിമർശിക്കുന്നുണ്ട്. അതിന്റെ കട്ടിങ്സും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.