സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലെ വർഗീയ ആരോപണങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഎം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

കോഴിക്കോട്: സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ മുസ്ലിം ലീഗിനെതിരെ ഉയർന്ന വർഗീയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തെരഞ്ഞെടുപ്പിൽ ബി ജെ പിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സി പി എമ്മാണെന്നും ലീഗ് എവിടെയാണ് വർഗീയത പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയ കാർഡ് ഇറക്കി കള്ളപ്രചാരവേല നടത്തിയതുകൊണ്ടാണ് സി പി എം തോറ്റതെന്നും ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോയാൽ പാർട്ടിക്ക് കൂടുതൽ പതനമുണ്ടാകുമെന്നും സലാം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ് ഒരിക്കലും വർഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലെ വിമർശനം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ ഡി നടപടിയിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി നടപടിയിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും പി എം എ സലാം പറഞ്ഞു. നടപടി വ്യക്തിവിരോധം തീർക്കാനാണെങ്കിൽ അത് പരിശോധിക്കും. വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ സംസാരിക്കുന്നതിന് ചില പരിമിതികളുണ്ടെന്നും എന്നാൽ രാഷ്ട്രീയ നേതാക്കൾക്ക് കാര്യങ്ങൾ തുറന്നുപറയാമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ ഇ ഡി നടപടിയുണ്ടായപ്പോൾ പിണറായി ഒരക്ഷരം മിണ്ടിയിരുന്നില്ലെന്നും പി എം എ സലാം ചൂണ്ടിക്കാട്ടി.