പോക്സോ കേസ് പ്രതിയെ കൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരീശീലന പരിപാടി സംഘടിപ്പിച്ച വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്.
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ കൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരീശീലന പരിപാടി സംഘടിപ്പിച്ച വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. രണ്ട് പോക്സോ കേസിലെ പ്രതിയായ ഡോക്ടർ ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബ്ബിനാറിൽ പങ്കെടുപ്പിച്ചത്.
കൗണ്‍സിലിഗംനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാളാണ് ഡോ. കെ ഗിരീഷ്. ക്ലിനിക്കൽ സൈക്കോളിസ്റ്റെന്ന നിലയിലാണ് വെക്കോഷണൽ ഹയർ സെക്കൻററിയുടെ കരിയർ ഗൈഡൻസ് ആൻറ് കൗണ്‍സിലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ പങ്കെടുത്തത്. കൊവിഡ് കാലത്തെ കുട്ടികളുടെ മാനസികസംഘർഷമെന്ന വിഷയത്തിലായിരുന്നു വെബിനാർ.
ലയൺസ് ക്ലബുമായി ചേർന്നു നടത്തിയ വെബിനാറിൽ സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായി ഗിരീഷ് ക്ലാസെടുത്തു. ചടങ്ങിൽ പങ്കെടുക്കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ലയൺസ് ക്ലബിൻറെ യുവ ജനവിഭാഗം കോ-ഡിനേറ്ററെന്ന നിലയിലാണ് ഗിരീഷ് പങ്കെടുത്തത്. പോക്സോ കേസിൽ പ്രതിയായിട്ടും ഫോർട്ട് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ ചർച്ചയായിരുന്നു.
മാസങ്ങളോളം ഒളിവിൽപോയ ഗിരീഷിൻറെ അറസ്റ്റ് വിവാദങ്ങൾക്കിടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. രണ്ടു കേസുകളിൽ തിരുവനന്തപുരം പോക്സോ കോടതിയിൽ വിചാരണ തുടരുകയാണ്. ഗിരീഷ് റിമാൻഡിൽ കിടന്ന തിരുവനന്തപുരം ജില്ലാ ജയിലിലും തടവുകാർക്ക് ക്ലാസെടുക്കാനായി ലയൺസ് ക്ലബിൻറ പേരിൽ ഗിരീഷ് നേരത്തെ എത്തിയത് വിവാദമായിരുന്നു. ഗിരീഷിൻറെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വൊക്കേഷനൽ ഹയർസെക്കണ്ടറി വകുപ്പിൻറെ വിശദീകരണം.
