കൊച്ചി: മലയാറ്റൂരിൽ സ്ഫോടനമുണ്ടായത് അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലെന്ന് പൊലീസ്. ഈ കെട്ടിടത്തിൽ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഉടമകളെ വിളിപ്പിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, സ്ഫോടനമുണ്ടായ പാറമടയ്ക്ക് ലൈസൻസുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്ന് എറണാകുളം റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു. 

മലയാറ്റൂരിന് സമീപം ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം. പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ പെരിയണ്ണൻ, ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. 

പാറമടയിലെ ജീവനക്കാരായിരുന്ന ഇരുവരും ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇളവുകള്‍ വന്നതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച് വിളിച്ചു. തുടര്‍ന്ന് ജോലിക്കായി തിരിച്ചെത്തിയതായിരുന്നു നാഗയും പെരിയണ്ണനും. പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു രണ്ടുപേരും.