Asianet News MalayalamAsianet News Malayalam

വാടനാപ്പള്ളി കത്തിക്കുത്ത്; 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, തൃശ്ശൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു

കുഴൽപ്പണ കേസിനെ ചൊല്ലി തൃശ്ശൂര്‍ ബിജെപിയിൽ തമ്മിലടി തുടരുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ഉപാധ്യക്ഷൻ രംഗത്തെത്തി.

police arrested four bjp workers on Vadanapalle
Author
Thrissur, First Published May 31, 2021, 9:48 PM IST

തൃശ്ശൂര്‍: വാടാനപ്പള്ളി കത്തികുത്ത് കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സഫലേഷ്, സഹലേഷ്, സജിത്ത്, വിപിൻ ദാസ് എന്നിവരാണ് അറസ്റ്റിലായത്. കൊടകര കുഴൽപ്പണ കവർച്ച കേസിനെ ചൊല്ലി ഇന്നലെ ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഹിരണ്‍ എന്നയാള്‍ക്ക് കുത്തേറ്റത്.

അതേസമയം കുഴൽപ്പണ കേസിനെ ചൊല്ലി തൃശ്ശൂര്‍ ബിജെപിയിൽ തമ്മിലടി തുടരുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ഉപാധ്യക്ഷൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടതിന് പിറകെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി ഭീഷണിപ്പെടുത്തിയതായി ഋഷി പള്‍പ്പു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തതിന്‍റെ പ്രതികാരമായാണ് പരാതി നല്‍കിയതെന്നാണ് ജില്ല നേതൃത്വത്തിന്‍റെ വിശദീകരണം. 

കൊടകര കുഴല്‍പ്പണ കേസില്‍ പണവുമായെത്തിയ സംഘത്തിന് തൃശ്ശൂരിൽ ഹോട്ടല്‍ മുറിയെടുത്ത് നൽകിയത് ബിജെപി ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരമാണന്ന് ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു. പണവുമായി എത്തിയ സംഘത്തിന് മുറി എടുത്ത് നൽകിയത് തിരൂര്‍ സതീഷാണെന്ന് ആര്‍എസ്എസ് നേതാവ് ധര്‍മ്മരാജന്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരൂര്‍ സതീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഓഫീസ് സെക്രട്ടറിയായത് നാലുമാസം മുമ്പ് മാത്രം. അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സതീഷ് മൊഴി നല്‍കി.

കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. കൊടകരയിൽ നിന്ന് തട്ടിയെടുത്ത മൂന്നരക്കോടിയിൽ രണ്ടരക്കോടി രൂപ ഇനി കണ്ടെത്താനുണ്ട്. അറസ്റ്റിലായ 19 പ്രതികളിൽ 12 പേരുടെ വീടുകളിലാണ് റെയ്ഡ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന. രണ്ടരക്കോടി രൂപ ഇരുപത് പേർക്കായി വീതിച്ചു നൽകിയെന്നാണ് പ്രതികളുടെ മൊഴി. ഈ തുക കണ്ടെടുക്കാനാണ് പരിശോധന. കുഴൽപ്പണം ബിജെപിയുടേതാണെന്ന് തെളിയിക്കാനാണ് പൊലീസിൻ്റെ അന്വേഷണം. സംസ്ഥാന നേതാക്കളെയും ഉടനെ ചോദ്യം ചെയ്യും. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios