പെരുമ്പാവൂർ: മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തെ പെരുമ്പാവൂർ കുറുപ്പംപടി പോലീസ് പിടികൂടി. കൊലപാതകം, വധശ്രമം, ആക്രമണം, തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ ആറംഘ സംഘത്തെയാണ് പിടികൂടിയത്. കോടനാട് കണ്ണഞ്ചേരി സ്വദേശി ജോജി, നെടുങ്ങപ്ര സ്വദേശികളായ അമൽ, ശ്രീകാന്ത്, വേങ്ങൂർ സ്വദേശികളായ നിബിൻ, ആദർശ് അരിവപ്പാറ സ്വദേശി ബേസിൽ എന്നിവരാണ് അറസ്റ്റിലായത്. 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നുമാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ജോജിയെ ഗുണ്ടാ ആക്ടിൽ ഉൾപ്പെടുത്തി നാടുകടത്തിയതാണ്. 

ഈ വിലക്ക് മറികടന്നാണ് ഇയാൾ ഇവിടെയെത്തിയത്. വിവിധ സ്റ്റേഷനുകളിലായി മറ്റുള്ളവർക്കെതിരേയും കൂടുതൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജോജിയുടെ നേതൃത്വത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടാണ് സംഘം ഒത്തു ചേർന്നതെന്നാണ് പൊലീസ് പറയുന്നത്.