തൃശ്ശൂര്‍: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍. ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൃത്യത്തിന് ശേഷം ഒളിവില്‍പോയ ജമാല്‍ പൊള്ളാച്ചി, മധുര,കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ചുകഴിയുകയായിരുന്നു. 

മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ ആകെ 20 പ്രതികളാണുളളത്. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീർ, മറ്റ് പ്രതികളായ ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.