Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ വ്യാജ ടെലിഫോൺ എക്സ്ചേഞ്ച് ; പിന്നില്‍ ബെംഗളൂരു കേസ് പ്രതി ഇബ്രാഹിം, കേരളത്തില്‍ എത്തിക്കും

ശനിയാഴ്ച കോഴിക്കോടെത്തുന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച  ഇബ്രാഹിമിനെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യാനായി ഇബ്രാഹിമിനെ കസ്റ്റഡിയില്‍ വാങ്ങും. 

police caught accused on parallel telephone exchange case in kozhikode
Author
Kozhikode, First Published Jul 23, 2021, 9:24 PM IST

കോഴിക്കോട്: ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടില്‍ കോഴിക്കോട്ടെ കേസിലും പ്രതിയാകും. ഇബ്രാഹിമിനെ കോടതിയില്‍ ഹാജരാക്കാനായി ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. രണ്ടിടങ്ങളിലെയും എക്സ്ചേ‌ഞ്ചുകൾക്ക് പിന്നില്‍ ഒരേസംഘമാണെന്ന് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില്‍ മുഖ്യപ്രതിയാണ് മലപ്പുറം സ്വദേശിയായ ഇബ്രാഹിം പുല്ലാട്ടില്‍. ഇയാൾതന്നെയാണ് കോഴിക്കോട് ഏഴിടങ്ങളിലായി പ്രവർത്തിച്ച സമാന്തര എക്സേഞ്ചുകളുടെയും പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലും ഇബ്രാഹിമിനെ പ്രതിചേർക്കും. ഇയാളെ കോടതിയില്‍ ഹാജരാക്കാനായി കേരളത്തിലേക്ക് കൊണ്ടുവരികയാണ് അന്വേഷണ സംഘം. 

ശനിയാഴ്ച കോഴിക്കോടെത്തുന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച  ഇബ്രാഹിമിനെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യാനായി ഇബ്രാഹിമിനെ കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരുവിലും കോഴിക്കോടും ഇയാളുമായി തെളിവെടുപ്പും നടത്തും. കോഴിക്കോട് നിന്നും അറസ്റ്റിലായി ഇപ്പോൾ ജയിലിലുള്ള നല്ലളം സ്വദേശി ജുറൈസിനെ കൂടാത ചാലപ്പുറം സ്വദേശി ഷബീറും കേസില്‍ പ്രതിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം കേസ് വിവരങ്ങൾ പുറത്തുവന്നതോടെ പ്രതികളുമായി ബന്ധമുള്ള കേരളത്തിലെ നിരവധിപേർ ഒളിവില്‍ പോയിട്ടുണ്ടെന്നും സംസ്ഥാനത്ത് മറ്റിടങ്ങളിലും സമാന്തര എക്സ്ചേഞ്ചുകൾ നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഉദ്യോസ്ഥർ വെളിപ്പെടുത്തി. ഇതോടെ അന്വഷണം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios