തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്ത സീൽ വ്യാജം. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ പേരിലുള്ള സീലാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇതോടെ പരീക്ഷകളിലും സ്പോർട്സ് ക്വാട്ട സർട്ടിഫിക്കറ്റിലും ശിവരഞ്ജിത്ത് ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ബലപ്പെടുകയാണ്. 

വധശ്രമക്കേസിലെ ഒന്നാം പ്രതിയുടെ കൂടുതൽ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് പുറത്തുവരുന്നത്. ഉത്തരങ്ങൾ എഴുതിയതും എഴുതാത്തതുമായ കെട്ട് കണക്കിന് പേപ്പറുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്. കണ്ടെടുത്ത സീൽ തന്‍റേതല്ലെന്ന് സർവ്വകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ വ്യക്തമാക്കിയതോടെ സംഭവത്തില്‍ ദുരൂഹതയേറി. 

പരീക്ഷപേപ്പറുകൾ കോളേജിൽ നിന്നും ശിവരഞ്ജിത്ത് പുറത്തേക്ക് കൊണ്ട് പോയെന്നും സംഭവത്തോടെ വ്യക്തമായി. ഇതിനായി കോളേജ് അധികൃതരുടെ സഹായം ഉണ്ടായോയെന്നകാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.വ്യാജസീൽ ഉപയോഗിച്ച് കായിക സർട്ടിഫിക്കറ്റിൽ കൃത്രിമം ഉണ്ടാക്കിയോയെന്ന സംശയവും ശക്തമാകുന്നു. അഖിൽ പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് സ്പോർട്സ് ക്വാട്ടാ വെയിറ്റേജ് മാർക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു. 

ബേസ്ബോൾ ചാമ്പ്യൻഷിപ്പിന്‍റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. പൊലീസ് പിഎസ്‍സിയോട് ഇയാള്‍ സമര്‍പ്പിച്ച സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജമെന്ന് തെളിഞ്ഞാൽ ശിവരഞ്ജിത്തിനെതിരെ കേസെടുക്കും .