കോഴിക്കോട്: ഒമാൻ-കോഴിക്കോട് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയിൽ കരിപ്പൂർ പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഖാദറിനെതിരെയാണ് ബലാത്സംഗശ്രമത്തിന് കേസ് എടുത്തത്. വിമാനത്തിൽ തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. മലപ്പുറം എസ്പിക്ക് ലഭിച്ച പരാതി കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു.  

ഇന്നലെ രാത്രി മസ്കറ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുൾ ഖാദർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങിയ ഉടൻ യുവതിയുടെ ഭർത്താവ് ഇമെയിലിൽ പരാതി അയച്ചെങ്കിലും അത് പൊലീസിന് ലഭിച്ചിരുന്നില്ല.

ക്വാറൻ്റീനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനും കഴിഞ്ഞില്ല. പിന്നീട് മലപ്പുറം എസ്പിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരിപ്പൂർ പൊലീസ് കേസെടുത്തത്. സെക്ഷൻ 354 പ്രകാരമാണ് അബ്ദുൾ ഖാദറിനെതിരെ പൊലീസ് കേസെടുത്തത്. പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കരിപ്പൂർ പൊലീസ് അറിയിച്ചു. 

 

വിമാനത്തില്‍ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി; കരിപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി