പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി അലഞ്ഞ് നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ മേഖലയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കണ്ടതെന്ന് പ്രതി മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻ കുട്ടിക്കെതിരെ പൊലീസ് കുറ്റപത്രം നൽകി. വധശ്രമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതി ജയിലിൽ കഴിയുമ്പോൾ തന്നെ കേസിന്റെ വിചാരണ പൂർത്തിയാകുമെന്ന് പൊലിസ് പറഞ്ഞു. കേസ് അന്വേഷിച്ച തിരുവനന്തപുരം പേട്ട പൊലിസാണ് പോക്സോ കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം നൽകിയത്.
തിരുവനന്തപുരം ചാക്കയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ പ്രതി, പിന്നീട് അവളെ പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി അലഞ്ഞ് നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ മേഖലയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കണ്ടതെന്ന് പ്രതി മൊഴി നൽകിയിരുന്നു. സഹോദരങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുന്നോട്ടുപോകുമ്പോള്‍ തന്നെ കുട്ടി കരഞ്ഞു.
കുട്ടിയുടെ വായ പൊത്തിപിടിച്ച് റെയിൽവേ ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നു. ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടിലേക്ക് ചാടി. ഇതിനുശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും കുട്ടിയ്ക്ക് ബോധം നഷ്ടമായെന്ന് തോന്നിയപ്പോഴാണ് അവിടെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞത്. അഞ്ചടി താഴ്ചയുള്ള പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയ കുട്ടിക്ക് പരിക്കുകളുണ്ടായിരുന്നില്ല. പ്രതി ഹസ്സൻ കുട്ടിക്കെതിരെ കാപ്പ ചുമത്തിയിരുന്നു.
