കൊച്ചി: ബ്ലാക് മെയിലിംഗ് കേസിൽ പ്രതികൾക്കെതിരെ മൊഴി നൽകാൻ പൊലീസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന പരാതിയുമായി മുഖ്യ പ്രതി ഷെരീഫിന്‍റെ ഭാര്യ സോഫിയ. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് പൊലീസിനെതിരായ ആരോപണം. ഷംന കാസിമിനെ വിവാഹം ചെയ്യാൻ എന്ന പേരിലെത്തിയ വരന്‍റെ ഉമ്മ സുഹറയായി അഭിനയിച്ചത് ഷെരീഫിന്‍റെ ഭാര്യ സോഫിയ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഷംന കാസിമുമായി ഇവർ നിരവധി വട്ടം  യഥാർ‍ത്ഥ പേരും വിവരങ്ങളും മറച്ചുവെച്ച് സംസാരിച്ചിട്ടുണ്ട്.  വിവാഹ തട്ടിപ്പിൽ ചോദ്യം ചെയ്യലിന്  ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിൽപോയി. പിന്നാലെയാണ് പൊലീസിനെതിരായ ആരോപണവുമായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹ‍ർജി നൽകിയത്.

പ്രതികൾക്കെതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിക്കുകയാണെന്നും മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് ചില പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഹ‍ജിയിൽ ഉന്നയിക്കുന്നു. ഈ ആരോപണം പൊലീസ് തള്ളി. കുറ്റം ചെയ്തവരെ മാത്രമാകും പ്രതി ചേർക്കുകയെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. അതേസമയം മോഡൽ അടക്കമുള്ള യുവതികളെ വഞ്ചിച്ചെന്ന പരാതികളിൽ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. മലപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഒരു ലക്ഷംരൂപയും സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്‍പത് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ ജാമ്യം ലഭിച്ച മൂന്ന് പ്രതികളടക്കമുള്ളവരുടെ അറസ്റ്റാണ് വീണ്ടും രേഖപ്പെടുത്തിയത്. 

അതേസമയം ഷംന കാസിമിന്‍റെ വീട്ടിൽ സിനിമ നിര്‍മ്മാതാവിന്‍റെ  പേരിൽ എത്തിയ ആളും വ്യാജനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തൽ പണിക്കാരൻ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 20 നാണ് ഷംന കാസിമിന്‍റെ വീട്ടിൽ നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തി രാജു എത്തിയത്. സിനിമ നിർമ്മാതാവ് ജോണി എന്നായിരുന്നു  ഷംന കാസിമിന്‍റെ ഉമ്മയോട് സ്വയം പരിചയപ്പെടുത്തിയത്. ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നും അറിയിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ഷംന കാസിമിനെ ഫോണിൽ വിളിച്ച് കാര്യം തിരിക്കയപ്പോഴാണ് ആരോടും വരാൻ ആവശ്യപ്പെട്ടില്ലെന്ന വിവരം ലഭിച്ചത്. ഇതോടെ  ഇയാൾ   സ്ഥലം വിട്ടു. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  ജോണി എന്ന നിർമാതാവിന്‍റെ പേരിൽ എത്തിയത് കോട്ടയം സ്വദേശി രാജുവാണെന്ന്  മനസ്സിലായത്. സൗണ്ട് ഉപകരണങ്ങളും പന്തലും വാടകയ്ക്ക് നൽകുന്ന രാജു ഷംനയുടെ വീട്ടിൽ എന്തിന് വന്നു എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. ഇതിനിടെ വരന്‍റെ ഫോട്ടോ എന്ന പേരിൽ തട്ടിപ്പ് സംഘം ഉപയോഗിച്ച ടിക് ടോക് താരം യാസറിനെ കൊച്ചിയിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് യാസർ നൽകിയ മൊഴി.