ഏറെ പഴി കേട്ട് പത്ത് ദിവസത്തിനൊടുവിലാണ് പൊലീസ് ഓച്ചിറ കേസിൽ തുമ്പുണ്ടാക്കുന്നത്. അടിക്കടി താവളം മാറിയിരുന്നതിനാൽ പെൺകുട്ടിയെ കണ്ടെത്തൽ അത്ര എളുപ്പവുമായിരുന്നില്ല അന്വേഷണ സംഘത്തിന്.
തിരുവനന്തപുരം: പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിറ്റിരുന്ന രാജസ്ഥാൻ കുടുംബത്തെ വഴിയരികിലെ ഷെഡ്ഡിൽ അതിക്രമിച്ച് കയറി അച്ഛനമ്മമാരെ തള്ളിയിട്ട ശേഷമാണ് മുഹമ്മദ് റോഷനും സംഘവും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. അന്ന് മുതൽ പൊലീസ് അനാസ്ഥ തന്നെയായിരുന്നു പ്രധാന ചര്‍ച്ച. ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് നാട്ടുകാര്‍ കൂട്ടത്തോടെ സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് സംഭവത്തിലിടപെട്ടത്. അപ്പോഴേക്കും പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത വൻ വിവാദമായിരുന്നു. പൊലീസാകട്ടെ തുടക്കം മുതൽ തന്നെ പ്രതിക്കൂട്ടിലും.
ഒടുവിൽ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേരളത്തിനകത്തും പുറത്തും രാജസ്ഥാനിലുമെല്ലാം പൊലീസെത്തിയെങ്കിലും ഒരു തുമ്പും എവിടെ നിന്നും കിട്ടിയില്ല. മുഹമ്മദ് റോഷനും പെൺകുട്ടിയും ഫോൺ ഉപയോഗിക്കാതിരുന്നത് തന്നെയായിരുന്നു പ്രധാന പ്രശ്നം. മാത്രമല്ല അടിക്കടി അവര്‍ താമസ സ്ഥലം മാറുകയും ചെയ്തു.
ആദ്യം ബെംഗലൂരുവിലും പിന്നീട് രാജസ്ഥാനിലും ചെന്ന ശേഷമാണ് പെൺകുട്ടി മുംബൈയിലെത്തുന്നത്. അപ്പപ്പോൾ സഞ്ചരിച്ചിരുന്ന വാഹനഹങ്ങളിലെ ഡ്രൈവര്‍മാരുടെ ഫോണുപയോഗിച്ചാണ് ഇവര്‍ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതും. ഏറ്റവും ഒടുവിൽ അത്തരത്തിൽ വന്ന ഒരു ഫോൺ വിളിയുടെ ചുവട് പിടിച്ചാണ് പൊലീസ് മുംബൈയിൽ നിന്ന് മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികളെടുക്കും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധന മംബൈയിൽ നിന്ന് കാറ് മാര്‍ഗ്ഗം കേരളത്തിലെത്തിക്കാനാണ് പൊലീസ് സംഘത്തിന്‍റെ നീക്കം.
