പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവില്ല. പരാതിക്കാരിക്ക് വൈദ്യ പരിശോധന നടക്കുന്ന സമയം പ്രതി ആശുപത്രിയിൽ എത്തിയെന്ന ആരോപണം ശരിയല്ലെന്നും പൊലീസ് പറയുന്നു,

കൊച്ചി: ഒളിമ്പ്യൻ മയൂഖ ജോണി പുറത്തുകൊണ്ടുവന്ന പീഡനക്കേസിൽ നിലവിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് പൊലീസ്. സാഹചര്യത്തെളിവുകൾ അനുസരിച്ചാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയെ ആശുപത്രിയിലെത്തി പ്രതി ഭീഷണിപ്പെടുത്തിയെന്ന ആരോണം ശരിയല്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പരാതിക്കാരിയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് മയൂഖ ജോണി കുറ്റപ്പെടുത്തി.

അന്വേഷണത്തെ കുറ്റപ്പെടുത്തിയും പ്രത്യേക പൊലീസ് സംഘം വേണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നൽകിയ ഹ‍ർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നാണ് തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ റിപ്പോർട്ടിൽ ഉളളത്. വൈദ്യപരിശോധനയിലൂടെയും തെളിവ് കണ്ടെത്താൻ ആയില്ല. 

പീഡനം നടന്നുവെന്ന് പരാതിക്കാരി ആരോപണം ഉന്നയിക്കുന്ന ദിവസങ്ങളിലെ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷനുകളും പരിശോധിച്ചിരുന്നു. എന്നാൽ ഇത്തരം വിവരങ്ങൾ സെർവറിൽ ഒരു വർഷം മാത്രമേ ഉണ്ടാകൂ എന്നാണ് സർവീസ് പ്രൊവൈ‍ഡർമാർ അറിയിച്ചത്. താൻ താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തുമെത്തി അപമാനിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്ന പരാതിക്കാരിയുടെ ആരോപണത്തിനും തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം. 

വൈദ്യപരിശോധനയ്ക്കായി പരാതിക്കാരിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി അവിടെയെത്തി ഭീഷണിപ്പെടുത്തി എന്നത് അവാസ്തവമാണെന്നും ഈ സമയം പ്രതി 5 കിലോമീറ്റർ അകലെയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയും പൊലീസും ചില മതനേതാക്കളും കേസ് അട്ടിമറിക്കാൻ ചർച്ചകൾ നടത്തിയെന്ന ആരോപണവും ശരിയല്ല. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളെ മുൻ നിർത്തിയാണ് അന്വേഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016ൽ പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി തെളിവുശേഖരിക്കാൻ ശ്രമിക്കുന്നതായും പൂങ്കുഴയിലുടെ റിപ്പോർട്ടിലുണ്ട്. 

എന്നാൽ വാദിയെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അന്വേഷണത്തിന്‍റെ തന്നെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും മയൂഖ ജോണി കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona