Asianet News MalayalamAsianet News Malayalam

വ്യാജ ഡോക്ടറേറ്റ്: ഷാഹിദ കമാലിന്‍റെ വാദം പൊളിയുന്നു, പൊലീസ് നടപടിയിൽ മെല്ലെപ്പോക്ക്

വിദ്യാഭ്യാസ യോഗ്യതയെ പറ്റി ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നതിനിടയിലാണ് ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന വിശദീകരണവുമായി ഷാഹിദ കമാല്‍ രംഗത്തു വന്നത്. പക്ഷേ സാമൂഹ്യ നീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശി ദേവരാജന് നല്‍കിയ മറുപടിയാണിത്. ഈ രേഖയനുസരിച്ചാണെങ്കില്‍ യൂണിവേഴ്സിറ്റി ഓഫ് വിയറ്റ്നാം എന്ന സര്‍വകലാശാലയില്‍ നിന്നാണ് ഷാഹിദയ്ക്ക് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത്. 

police investigation in fake doctorate of shahida kamal delays for no reason
Author
Thiruvananthapuram, First Published Jul 1, 2021, 8:43 AM IST

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്‍റെ ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയില്‍ പൊലീസിന്‍റെ മെല്ലപ്പോക്ക് തുടരുന്നു. അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇനിയും നടപടിയുണ്ടായിട്ടില്ല. ഇതിനിടെ തനിക്ക് ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകളും പുറത്തു വന്നു.

വിദ്യാഭ്യാസ യോഗ്യതയെ പറ്റി ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നതിനിടയിലാണ് ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന വിശദീകരണവുമായി ഷാഹിദ കമാല്‍ രംഗത്തു വന്നത്. പക്ഷേ സാമൂഹ്യ നീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശി ദേവരാജന് നല്‍കിയ മറുപടിയാണിത്. ഈ രേഖയനുസരിച്ചാണെങ്കില്‍ യൂണിവേഴ്സിറ്റി ഓഫ് വിയറ്റ്നാം എന്ന സര്‍വകലാശാലയില്‍ നിന്നാണ് ഷാഹിദയ്ക്ക് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത്. 

ഒന്നുകില്‍ ഷാഹിദ നുണ പറഞ്ഞെന്നോ അല്ലെങ്കില്‍ സാമൂഹ്യ നീതി വകുപ്പ് നുണ പറഞ്ഞെന്നോ ഈ രേഖ കാണുന്ന ആര്‍ക്കും സംശയം തോന്നാം. അതല്ല തനിക്ക് രണ്ടു സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കേണ്ടത് ഷാഹിദ കമാലാണ്. 2018 ജൂലൈ 30നുളള ഫെയ്സ്ബുക്ക് കുറിപ്പനുസരിച്ചാണെങ്കില്‍ സാമൂഹ്യ പ്രതിബന്ധതയും,സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ തനിക്ക് പിഎച്ച്ഡി ലഭിച്ചെന്നാണ് ഷാഹിദയുടെ അവകാശവാദം. ഇവിടെയും ഏത് സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡിയെന്ന് പറഞ്ഞിട്ടില്ല.ഇതേ പിഎച്ച്ഡിയാണ് വിവാദമുയര്‍ന്നപ്പോള്‍ ഡിലിറ്റാണെന്ന് ഷാഹിദ തിരുത്തി പറഞ്ഞതും. 

2017ല്‍ വനിതാ കമ്മിഷനില്‍ നല്‍കിയ ബയോഡേറ്റയില്‍ ബികോമാണ് വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജില്‍ വച്ച് ബിരുദം പൂര്‍ത്തിയാക്കിയില്ലെന്ന് സമ്മതിച്ചിട്ടുളള ഷാഹിദ ഈ ബികോം ഏത് സര്‍വകലാശാലയില്‍ നിന്ന് നേടിയതാണെന്നും വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ രേഖകളടക്കം ഇങ്ങനെ പ്രഥമദൃഷ്ട്യാ തന്നെ വനിതാ കമ്മിഷന്‍ അംഗത്തിന്‍റെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി സംശയങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് അന്വേഷണം ആവശ്യപ്പെട്ടുളള പരാതിയിലെ പൊലീസിന്‍റെ മെല്ലപ്പോക്ക്. 

ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നല്‍കിയ പരാതിയില്‍ പുതിയ പൊലീസ് മേധാവി അനില്‍ കാന്ത് തീരുമാനമെടുക്കുമെന്നാണ് പൊലീസ് ആസ്ഥാനത്തു നിന്നു കിട്ടുന്ന വിശദീകരണം. തെളിവുകള്‍ ഓരോന്നായി പുറത്തു വരുമ്പോഴും വ്യക്തത വരുത്താന്‍ തയാറാകാതെ മൗനം തുടരുകയാണ് വനിതാ കമ്മിഷന്‍ അംഗം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios