തിരുവനന്തപുരം:  കോവിഡ് ബാധിതരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ.  കോണ്‍ടാക്റ്റ് ട്രേസിങ്ങിന് എല്ലാ സ്റ്റേഷനുകളിലും എസ്ഐയുടെ നേതൃത്വത്തില്‍ മൂന്നു പൊലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനു രൂപം നല്‍കാന്‍ സര്‍ക്കുലര്‍ പറയുന്നുണ്ട്. തീവ്രനിയന്ത്രിത മേഖലകളിലും പുറത്തും നിയന്ത്രണങ്ങളും പരിശോധനയും പൊലീസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി മോട്ടര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും.

 സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. തീവ്രനിയന്ത്രിത മേഖലകളി അല്ലാത്ത പ്രദേശങ്ങളില്‍ വാഹന പരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. 

ഒരു സ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി - മത്സ്യ മാര്‍ക്കറ്റുകള്‍, വിവാഹവീടുകള്‍, മരണവീടുകള്‍, ബസ് സ്റ്റാൻഡ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.  നിർദേശങ്ങള്‍ നടപ്പാക്കാനായി ഏതാനും ജില്ലകളുടെ ചുമതല മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ രോഗ വ്യാപനം കുറയ്ക്കാനാണ് പൊലീസിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഡിഐജി പി.പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാൻഡന്റ് നവനീത് ശര്‍മ (തിരുവനന്തപുരം റൂറല്‍), ഐജി ഹര്‍ഷിത അത്തലൂരി (കൊല്ലം സിറ്റി), ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ (പത്തനംതിട്ട, കൊല്ലം റൂറല്‍), ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ (ആലപ്പുഴ), ഡിഐജി അനൂപ് കുരുവിള ജോണ്‍ (എറണാകുളം റൂറല്‍), ഡിഐജി നീരജ് കുമാര്‍ ഗുപ്ത (തൃശൂര്‍ സിറ്റി, റൂറല്‍), ഡിഐജി എസ്.സുരേന്ദ്രന്‍ (മലപ്പുറം), ഐജി അശോക് യാദവ് (കോഴിക്കോട് സിറ്റി, റൂറല്‍), ഡിഐജി കെ.സേതുരാമന്‍ (കാസര്‍കോട്). കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ ഇതിന്‍റെ മേല്‍നോട്ടം വഹിക്കും.