തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോളിലുള്ള എസ്ഐക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസം കൊണ്ട് 190 സമ്പർക്കരോഗികളുണ്ടായ തിരുവനന്തപുരത്ത് അതീവഗുരുതരമാണ് സ്ഥിതി. ഇന്ന് 95 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ മൂന്നൂറിലേറെ രോഗികളാണ് നിലവിലുള്ളത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് രോഗം ബാധിച്ചു. ചീഫ് സെക്രട്ടറിയുടെ പരിശോധനാഫലം നെഗറ്റീവാണ്. 

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മൂന്നൂറിന് മേൽ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച 339 പേരിൽ 140 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് അടുക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനം രോഗവ്യാപനത്തിന്‍റെ അസാധാരണ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കും സമ്പർക്കരോഗികളുടെ ഉയർന്ന നിരക്കുമാണ് ഇന്നത്തേത്ത്. സമ്പർക്ക രോഗികളുടെ ഉയരുന്ന കണക്കും ഉറവിടമില്ലാത്ത രോഗികളും സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ വീണ്ടും ഉണ്ടായ പുതിയ കേസുകളുമെല്ലാം ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണ്.