Asianet News MalayalamAsianet News Malayalam

സുരേന്ദ്രന് എതിരായ കേസ് ബത്തേരി പൊലീസ് പി.കെ.നവാസിൻ്റെ മൊഴിയെടുക്കുന്നു

നാല് ലക്ഷത്തി അൻപതിനായിരം രൂപ കൽപറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി.കെ.ജാനു കൈമാറിയെന്നാണ് നവാസിൻ്റെ മൊഴി. 

police recorded the statement of PK Navas
Author
Sultan Bathery, First Published Jun 19, 2021, 3:33 PM IST

ബത്തേരി: തിരഞ്ഞടുപ്പിൽ മൽസരിക്കാൻ സി.കെ.ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബത്തേരി പോലീസ് പ്രാരംഭ നടപടികൾ തുടങ്ങി. കേസുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിനെ വിളിച്ചു വരുത്തി പൊലീസ് മൊഴിയെടുത്തു. കെ.സുരേന്ദ്രൻ നൽകിയ പണം സി.കെ.ജാനു സിപിഎമ്മിന് കൈമാറിയെന്ന് പി.കെ.നവാസ് പൊലീസിന് മൊഴി നൽകി. നാല് ലക്ഷത്തി അൻപതിനായിരം രൂപ കൽപറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി.കെ.ജാനു കൈമാറിയെന്നാണ് നവാസിൻ്റെ മൊഴി. 

കേസിൽ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ പൊലീസ് ഉടനെ തീരുമാനമെടുക്കും. സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന് ആരോപണമുന്നയിച്ച ജെ ആർ പി നേതാക്കളായ പ്രസീദ  പ്രകാശൻ ബാബു എന്നിവരുടെ മൊഴി എടുക്കും എന്നാണ് സൂചന.

കൽപ്പറ്റ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്ഐആർ പ്രകാരം കെ സുരേന്ദ്രൻ ഒപ്പം സി കെ ജാനുവും പ്രതിയാണ്. നിയമപരമല്ലാത്ത വഴിയിലൂടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു  കൈക്കൂലി നൽകി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ എഫ്ഐആറിൽ ചുമത്തിയിട്ടുണ്ട്. 

ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്ന് ആണ് ആരോപണം.ജെ.ആർ.പി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന്  പി.കെ.നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios