തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നാലോ അഞ്ചോ അംഗങ്ങളുള്ള രഹസ്യ സംഘം പ്രവർത്തിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ

തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നാലോ അഞ്ചോ അംഗങ്ങളുള്ള രഹസ്യ സംഘം പ്രവർത്തിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ .ബന്ധുക്കളുടെ അടക്കമുള്ള ഫോട്ടോകൾ ഇത്തരത്തിൽ മോർഫ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതിലൂടെ പ്രതികൾ സാമ്പത്തിക ലാഭം നേടിയതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കേസിൽ അറസ്റ്റിലായ ശ്രീഹരി കോളേജ് മാഗസിന് വേണ്ടിയടക്കം പ്രവർത്തിച്ചിട്ടുള്ള ആളാണെന്നും ഇയാൾക്ക് ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ നന്നായി അറിയാമെന്നും കമ്മീഷണർ വ്യക്തമാക്കി. ഇയാളുടെ കൈവശം ഏറ്റവും പുതിയ മോഡൽ ഐഫോൺ ആണ് ഉള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ടെലഗ്രാം വഴിയാണ് ചിത്രങ്ങൾ പ്രധാനമായും പ്രചരിപ്പിച്ചിട്ടുള്ളത്. ഏത് ആപ്പ് ഉപയോഗിച്ചാണ് മോർഫിങ് നടത്തിയതെന്ന കാര്യം സൈബർ പൊലീസ് വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. കേസിൽ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ചില നിർണായക വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും കൂടുതൽ പേരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി.

'പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്', പിന്തുണച്ച് സജി ചെറിയാൻ; പി. ജയരാജനെ തള്ളി, 'അവർ പാർട്ടിവിട്ടത് അധികാരം മോഹിച്ച്'

മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സമാനമായ കേസുകളുമായി നിലവിൽ ഈ സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സൈബർ ഇടങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കേസിൽ പൊലീസിനെ സഹായിച്ചവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. മറ്റ് കോളേജുകളിലേക്ക് ഈ സംഘത്തിന്റെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.