'മല്ലു ട്രാവലർ' ഉടൻ നാട്ടിലെത്തില്ല; പീഡന പരാതിയില്‍ നടപടി വൈകുമെന്ന് പൊലീസ്
പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു. സൗദി പൗരയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് മല്ലു ട്രാവലറിനെതിരെ പൊലീസ് കേസെടുത്തത്.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പൊലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു. സൗദി പൗരയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് മല്ലു ട്രാവലറിനെതിരെ പൊലീസ് കേസെടുത്തത്.
എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.
പ്രതി വിദേശത്തേക്ക് കടന്നെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അതേസമയം, പരാതി 100 ശതമാനം വ്യാജമാണെന്നും തന്റെ കൈയ്യിലുള്ള തെളിവുകൾ ഉപയോഗിച്ച് കേസിനെ നേരിടുമെന്നും മല്ലു ട്രാവലർ ഫെയ്സ്ബുക്ക് പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മല്ലു ട്രാവലർ വ്ളോഗർക്കെതിരായ കേസിൽ നടപടി വൈകും