Asianet News MalayalamAsianet News Malayalam

ട്രഷറി തട്ടിപ്പ്; ബിജുലാലിന്‍റെ കരമനയിലുള്ള വാടക വീട്ടില്‍ പൊലീസ് പരിശോധന

ഇക്കഴിഞ്ഞ ഡിസംബറില്‍ 3000 രൂപ ഒരിടപാടുകാരനില്‍ നിന്ന് തട്ടിയെടുത്താണ് ബിജുലാല്‍ സാമ്പത്തിക തിരിമറി തുടങ്ങിയത്. ഇടപാടുകാരന്‍റെ ചെക്ക് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. 

police search in bijulal house
Author
Trivandrum, First Published Aug 7, 2020, 11:33 AM IST

തിരുവനന്തപുരം: ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുലാലിന്‍റെ കരമനയുള്ള വാടക വീട്ടില്‍ പൊലീസ് പരിശോധന. ബിജുലാലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്‍ച പൊലീസ് അപേക്ഷ നല്‍കും. തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് ബുധനാഴ്‍ച കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ 3000 രൂപ ഒരിടപാടുകാരനില്‍ നിന്ന് തട്ടിയെടുത്താണ് ബിജുലാല്‍ സാമ്പത്തിക തിരിമറി തുടങ്ങിയത്. ഇടപാടുകാരന്‍റെ ചെക്ക് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് പിടിക്കപ്പെടാതിരുന്നതോടെ ബിജുവിന്‍റെ ആത്മവിശ്വാസം കൂടി. പിന്നീട് മുന്‍ സബ് ട്രഷറി ഓഫിസറുടെ യൂസര്‍ നെയിമും പാസ്‍വേര്‍ഡും മനസിലാക്കിയ ശേഷമാണ് വന്‍ തട്ടിപ്പ് തുടങ്ങിയത്. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം രൂപ പല തവണകളായി ട്രഷറിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഒറ്റത്തവണ തട്ടിയെടുത്ത ഏറ്റവും ഉയര്‍ന്ന തുക 58 ലക്ഷം രൂപയാണ്. പിന്നെ ചെറിയ തുകകളായി പല ഘട്ടങ്ങളില്‍ പണം തട്ടിയെടുത്തു.

ട്രഷറിയിലെ സോഫ്റ്റ് വെയര്‍ പിഴവുകള്‍ മുതലെടുത്തായിരുന്നു ബിജുലാലിന്‍റെ ഓരോ തിരിമറിയും. തുടര്‍ച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും ഈ പിഴവ് കാരണമാണ്. ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം ബിജു സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റിയിരുന്നത് ചെക്ക് ഉപയോഗിച്ചാണ്. ഇതിനായി മേലധികാരികളുടെയടക്കം ഒപ്പും ബിജു തന്നെ ഇട്ടു. ജൂലൈ 27നായിരുന്നു ഏറ്റവും ഒടുവില്‍ തട്ടിപ്പ് നടത്തിയത്. അന്ന് ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് 2 കോടി രൂപ മാറ്റിയെങ്കിലും സോഫ്റ്റ് വെയറില്‍ തെളിവ് നശിപ്പിക്കാന്‍ കഴിയാതിരുന്നതാണ് പ്രതിക്ക് കുരുക്കായത്. ഈ പണം ബിജുവിന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ തന്നെയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ തിരിച്ചുപിടിക്കാനാകുമെന്നും സര്‍ക്കാരിന് നഷ്ടപ്പെടില്ലെന്നും അന്വേഷണ സംഘം പറയുന്നു.

Follow Us:
Download App:
  • android
  • ios