Asianet News MalayalamAsianet News Malayalam

നാദാപുരത്തെ പതിനഞ്ചുകാരൻ്റെ മരണം: കൂടുതൽ വീഡിയോ ദൃശ്യങ്ങൾ തേടി പൊലീസ്

കറ്റാരത്ത് അഷ്റഫിന്‍റെ മകന്‍ അസീസിനെ സഹോദരനായ സഫ്‍വാന്‍ കഴുത്തില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടഞ്ഞ് ബോധരഹിതനാവുന്നതുമാണ് പുറത്ത് വന്ന വീഡിയോകളിലുള്ളത്

Police searching for visuals to solve the mystery in 15 year old death
Author
Nadapuram, First Published Apr 18, 2021, 12:22 PM IST

നാദാപുരം: നാദാപുരം നരിക്കാട്ടേരിയില്‍ 15 വയസുകാരന് അസീസിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. ഇപ്പോള്‍ പുറത്ത് വന്ന അസീസിനെ ശ്വാസം മുട്ടിക്കുന്ന രണ്ട് വീഡിയോയ്ക്ക് പുറമേ മറ്റ് രണ്ടെണ്ണം കൂടിയുണ്ടെന്നാണ് മൊഴി. ഇവ വീണ്ടെടുത്താല്‍ കേസിന്‍റെ ചുരുളഴിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

കറ്റാരത്ത് അഷ്റഫിന്‍റെ മകന്‍ അസീസിനെ സഹോദരനായ സഫ്‍വാന്‍ കഴുത്തില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടഞ്ഞ് ബോധരഹിതനാവുന്നതുമാണ് പുറത്ത് വന്ന വീഡിയോകളിലുള്ളത്. 48 സെക്കന്‍റും ഒന്നര മിനിറ്റുമുള്ള രണ്ട് ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിന് പുറമേ മറ്റ് രണ്ട് ദൃശ്യങ്ങള്‍ കൂടിയുണ്ടെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയ ഇവരുടെ സഹോദരി മൊഴി നല്‍കിയിട്ടുണ്ട്. ഡിലിറ്റ് ചെയ്ത ഈ വീഡിയോകള്‍ വീണ്ടെടുക്കാനും കൂടുതല്‍ പരിശോധനകള്ക്കുമായി മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായാല്‍ കേസ് എളുപ്പത്തില്‍ ചുരുളഴിക്കാനാകുമെന്നാണ് പ്രതീക്ഷ. ദൃശ്യങ്ങള്‍ പകര്‍ത്തിയ അന്ന് തന്നെയാണ് അസീസ് മരിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. അസീസിനെ പ്രവേശിപ്പിച്ച ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും ഇപ്പോള്‍ ഗള്‍ഫിലുള്ള സഫ്‍വാനെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനം എടുക്കുക

Follow Us:
Download App:
  • android
  • ios