ദില്ലി:  രാജ്യസേവനത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേരള പോലീസ് സംഘം ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ പരേഡ് നടത്തും. 1959 ൽ ലഡാക്ക് മലനിരകളിൽ റോന്ത് ചുറ്റുകയായിരു സി.ആര്‍.പി.എഫ് സംഘത്തിനുനേരെ ചൈനീസ് സേന നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 ന് പോലീസ് സ്മ്യതിദിനം ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന പോലീസ് സേനകളും ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ ഒരു നിശ്ചിത ദിവസം പരേഡ് നടത്തി വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. തുടർന്ന് സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ മൂന്ന് പ്ലാറ്റൂണുകളും 40 പേരടങ്ങുന്ന ബാന്റ് സംഘവും ഇത്തവണ പങ്കെടുക്കുന്നുണ്ട്.