നിയമോപദേശം ലഭിച്ച ശേഷമേ അന്വേഷണത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കു എന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആലപ്പുഴ: എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്. ഒരേ കേസില്‍ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്നമാണ് കാരണം. നിയമോപദേശം ലഭിച്ച ശേഷമേ വെള്ളാപ്പള്ളിക്ക് എതിരായ അന്വേഷണത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2020 ജൂൺ 24 നാണ് കണിച്ചുകുളങ്ങരയിലെ യൂണിയൻ ഓഫീസിൽ മഹേശന്‍ തൂങ്ങി മരിച്ചത്. മഹേശന്‍ പുറത്തുവിട്ട കത്തുകളും ഡയറിക്കുറിപ്പുകളും വെള്ളാപ്പള്ളിയെയും കൂട്ടരെയും ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

മരിക്കുന്നതിനു തൊട്ട് മുൻപ് മഹേശൻ എഴുതിയ കുറിപ്പുകളിൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ പേരുകൾ കൃത്യമായി പറഞ്ഞിരുന്നു. മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോ ഓർഡിനേറ്റർ ആയിരുന്നു കെ കെ മഹേശൻ. വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു. മരിക്കും മുൻപ് കത്തുകളും ഡയറിക്കുറിപ്പുകളും ഉൾപ്പെടെ നിർണ്ണായക വെളിപ്പെടുത്തലുകൾ മഹേശൻ നടത്തിയിരുന്നു. ശാശ്വതീകാനന്ദയുടെ മരണം മുതൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വരെയുള്ള വെളിപ്പെടുത്തലുകൾ ഇതിലുണ്ട്. വെള്ളാപ്പള്ളി നടേശൻ, സഹായി അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇതിൽ എഴുതിയിരുന്നത്. കേസുകളിൽ പെടുത്തി ജയിലിലടക്കും മുൻപ് വിടപറയുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. ഈ തുറന്ന് പറച്ചിലുകൾ മുൻനിർത്തി വെള്ളാപ്പള്ളി ഉൾപ്പടെയുള്ളവർക്കെതിരെ ആത്മഹത്യാപ്രേരണ ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്ന ആവശ്യവുമായാണ് മഹേശന്‍റെ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയത്.
