Asianet News MalayalamAsianet News Malayalam

സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു

മാധ്യമപ്രവർത്തകർ മഠത്തില്‍ കാണാനെത്തിയ സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവായ ഫാദർ നോബിള്‍ തോമസ് പാറക്കല്‍ യൂട്യൂബിലൂടെ തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയാണ് സിസ്റ്റർ ലൂസി കളപ്പുര പൊലീസിനെ സമീപിച്ചത്

Police stops investigation in sister lucy complaint
Author
Vellamunda, First Published Feb 2, 2020, 9:23 AM IST

കൽപ്പറ്റ: കത്തോലിക്കാ സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നല്‍കിയ പരാതികളില്‍ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. പരാതികള്‍ വാസ്തവവിരുദ്ധവും നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും, പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും വെള്ളമുണ്ട പോലീസ് രേഖാമൂലം അറിയിച്ചു. എന്തൊക്കെ സംഭവിച്ചാലും സഭാ അധികൃതർക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിസ്റ്റർ ലൂസികളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാധ്യമപ്രവർത്തകർ മഠത്തില്‍ കാണാനെത്തിയ സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവായ ഫാദർ നോബിള്‍ തോമസ് പാറക്കല്‍ യൂട്യൂബിലൂടെ തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയാണ് സിസ്റ്റർ ലൂസി കളപ്പുര പൊലീസിനെ സമീപിച്ചത്. കാരയ്ക്കാമല സ്വദേശികളായ ചിലർ മഠത്തിന് മുന്നിൽ സംഘടിച്ച് ഭീഷണിപ്പെടുത്തിയെന്നും സിസ്റ്റർ പോലീസില്‍ പരാതിപ്പെട്ടിരുന്നു. 

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം അന്വേഷിച്ചിട്ടും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വെള്ളമുണ്ട പോലീസ് പറയുന്നത്. രണ്ട് പരാതികളും നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും സിസ്റ്ററെ പോലീസ് രേഖാമൂലം അറിയിച്ചു. എന്നാല്‍ നീതിക്കായി ഏതറ്റംവരെയുംപോകുമെന്ന് സിസ്റ്റർ ലൂസികളപ്പുര പറഞ്ഞു.

എന്നാല്‍ മാനന്തവാടി രൂപത വക്താവായ ഫാദർ നോബിള്‍ തോമസ് പാറക്കല്‍ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ സ്വകാര്യ അന്യായവുമായി സിസ്റ്റർക്ക് കോടതിയെ സമീപിക്കാമെന്ന് വെള്ളമുണ്ട സിഐ പ്രതികരിച്ചു. ഐടി ആക്ട് 66എ സുപ്രീംകോടതി റദ്ദാക്കിയതിനാല്‍ ഇത്തരം പരാതികളില്‍ ശക്തമായ നടപടികളെടുക്കുന്നതില്‍ പരിമിതികളുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios