കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പൊലീസ് കേസെടുത്തു. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു.

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. പവർ സപ്ലൈ ആപ്പിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. കോൺഗ്രസ് നേതൃത്വം പരസ്യം നിഷേധിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്രചാരണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. വി കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം കൂടെപ്പോകാൻ ആളില്ല. മണ്ഡലത്തില്‍ പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടു. എന്നിട്ട് ആരോപണം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തലയിലിടുന്നു. വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാൾ തനിക്കെതിരെ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.