Asianet News MalayalamAsianet News Malayalam

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ശൈശവ വിവാഹം; മാതാപിതാക്കൾക്കും വരനുമെതിരെ ‌ ‌കേസ്

സംഭവത്തില്‍ പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

police take case for child marriage in kozhikode
Author
First Published Nov 24, 2022, 10:30 AM IST

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ബാല വിവാഹം. പതിനേഴ് വയസുള്ള പെൺകുട്ടിയുടെ വിവാഹം നടത്തിയതിന് രക്ഷിതാക്കൾക്കും വരനും, കാർമികത്വം വഹിച്ചവർക്കുമെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിക്കാട്ടൂരിലെ മതസ്ഥാപനത്തിൽ വെച്ചായിരുന്നു ശൈശവ വിവാഹം നടന്നത് . 17 വയസ് മാത്രമാണ് പെൺകുട്ടിക്കുള്ളത്. സംഭവത്തിൽ രക്ഷിതാക്കൾക്കും കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് ലഭിച്ച ഫോൺ കോളിനെ തുടർന്നുള്ള അന്വേഷണമാണ് സംഭവത്തിന്‍റെ ചുരുളഴിച്ചത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് നിലവിലെ കേസ്. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ശേഷം, ആവശ്യമെങ്കിൽ പോക്സോ വകുപ്പ് കൂടി ചേർക്കുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. വിവാഹം സംഘടിപ്പിച്ച കൂടുതൽ പേർ കേസിൽ പ്രതികളാകും. 

സംഭവത്തില്‍ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് ജില്ലാ ശിശു വികസന ഓഫീസർ അബ്ദുൽ ബാരി അറിയിച്ചു. ശൈശവ വിവാഹത്തിന് നേതൃത്വം നൽകിയ എല്ലാവരും നിയമ നടപടിക്ക് വിധേയരാകണമെന്നും സംഭവത്തില്‍ പൊലീസിന്‍റെ ഉൾപ്പെടെ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജില്ലാ ശിശു വികസന ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ശൈശവ വിവാഹവും ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 

Follow Us:
Download App:
  • android
  • ios