കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു. 

കൊച്ചി: അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി അമ്മൂമ്മ. അമ്മൂമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേഷ്യം കാരണം കൊന്നെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇവർ മറ്റൊന്നും പറഞ്ഞില്ല. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു. കുഞ്ഞിന്‍റെ അമ്മൂമ്മയായ 60 വയസുള്ള ഡെയ്സിക്ക് മാനസിക പ്രശ്നങ്ങളുണ്ട് എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ശരീരത്തിലെ സോഡിയം കുറയുമ്പോള്‍ അവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ഇതിന് മുൻപും ഇവര്‍ ഇത്തരം പ്രശ്നങ്ങള്‍‌ പ്രകടിപ്പിച്ചിരുന്നു. സ്ഥലകാല ബോധമില്ലാതെ പെരുമാറുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ വിഷാദരോഗത്തിന് ചികിത്സ തേടുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കുഞ്ഞിന്‍റെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ആശുപത്രിയിലെത്തി മൊഴിയെടുത്ത പൊലീസിനോട്, ദേഷ്യം കാരണം കുഞ്ഞിന്‍റെ കഴുത്തിൽ കത്തിയമര്‍ത്തി കൊലപ്പെടുത്തി എന്ന് മാത്രമാണ് ഇവര്‍ മൊഴി നൽകിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പൊലീസിന്‍റെ തീരുമാനം. കുഞ്ഞിന്‍റെ മൃതദേഹം വീട്ടിലേക്കെത്തിച്ചിട്ടുണ്ട്. അങ്കമാലി സെന്‍റ് ആൻ്റണീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍..