തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19  ബാധിച്ച്  ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പൊലീസ് പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഡിജിപി ലോക്നാഥ്  ബെഹ്റ നിര്‍ദേശം നല്‍കി. നിസാര കാരണങ്ങള്‍ പറഞ്ഞ് സത്യവാങ്മൂലവുമായി യാത്ര ചെയ്യന്നവരെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കും. 

അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ആള്‍ക്കാര്‍ കൂട്ടംകൂടുന്നത്  തടയും. കടകളില്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദേശിക്കാന്‍ കട ഉടമസ്ഥനോട് ആവശ്യപ്പെടുമെന്നും ഡിജിപി അറിയിച്ചു. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെ വരി നില്‍ക്കണം.

ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹത്തിന്‍റെ നന്മയെ കരുതി ഇത്തരം നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യർഥിച്ചു.