Asianet News MalayalamAsianet News Malayalam

കത്തിക്കുത്ത് കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഇന്ന് തെളിവെടുപ്പിനായി കോളേജിലെത്തിക്കും

 കേസിൽ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേർ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേർക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.

police to take stabbing case accuse to campus today
Author
University College, First Published Jul 18, 2019, 6:31 AM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

സംഘർഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് ഇവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയും. അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. കേസിൽ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേർ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേർക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.

അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. എന്നാല്‍ കോളേജ് വീണ്ടും തുറക്കും മുന്‍പ് ക്യാംപസില്‍ സമ്പൂര്‍ണ അഴിച്ചു പണി നടത്തുകയാണ് സര്‍ക്കാര്‍. കോളേജിലെ പുതിയ പ്രിന്‍സിപ്പള്‍ ഉടനെ ചുമതലയേറ്റെടുക്കും.

ക്യാംപസിനകത്തെ കുപ്രസിദ്ധമായ ഇടിമുറി ക്ലാസ് റൂമാക്കി മാറ്റാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരവാഹികളായ യൂണിറ്റ് പിരിച്ചു വിട്ടതിന് പകരമായി പുതിയ അഡ്ഹോക്ക് കമ്മിറ്റി എസ്എഫ്ഐ രൂപീകരിച്ചിട്ടുണ്ട്. കുത്തേറ്റ അഖിലടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി. 
 

Follow Us:
Download App:
  • android
  • ios