ഫോർട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. മദ്യപിച്ച് ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം (Trivandrum) ആറ്റുകാൽ ശിങ്കാരിത്തോപ്പില്‍ മദ്യപസംഘം പൊലീസിനെ (Police) ആക്രമിച്ചു. ഫോർട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോട് കൂടിയാണ് സംഭവം. ആറ്റുകാല്‍ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര കടന്നുവരുന്നതിന്‍റെ തൊട്ടുമുന്‍പ് രണ്ട് സംഘങ്ങള്‍ മദ്യപിച്ച് ഏറ്റുമുട്ടിയിരുന്നു.

ഇതേതുടര്‍ന്ന് ഫോര്‍ട്ട് സി ഐ രാജേഷും മറ്റ് പൊലീസുകാരും പ്രദേശത്ത് എത്തി. മദ്യപസംഘത്തെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. സി ഐ രാജേഷിന്‍റെ തലയ്ക്കാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല. മറ്റൊരു പൊലീസുകാരനും പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സക്ക് ശേഷം രണ്ടുപേരെയും രാവിലെ വിട്ടയച്ചു. അക്രമികളിൽ ഒരാളെ കസ്റ്റഡിലെടുത്തു. മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

  • മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷന്‍; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോരുന്നത് വന്‍തുക

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും

ഗവര്‍ണ്ണര്‍ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ പ്രശ്നം മുൻപും കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കും. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല. സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. 

എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്. ഇതേക്കുറിച്ചും പതിനൊന്നാം ശമ്പള കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നാല് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള പേഴ്സണല്‍ സ്റ്റാഫിനേ പെൻഷൻ കൊടുക്കാവൂവെന്ന് ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിക്കാതെ ഒഴിഞ്ഞു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ശക്തമായ നിലപാട് എടുത്ത സാഹചര്യത്തില്‍ ഇനി സ്വന്തക്കാരെ നിയമിച്ച് അവര്‍ക്ക് പെൻഷൻ നല്‍കുന്ന രീതിയില്‍ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് അറിയേണ്ടത്.