ഇടുക്കി: അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് ആണ്‍സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. വീട്ടില്‍ നിന്നും കാണാതായ രാത്രി പെൺകുട്ടി ഇവരെ ഫോണിൽ വിളിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അടിമാലി കുളമാംകുഴി കുടിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയെ വീട്ടിൽ വിഷം കഴിച്ച് അവശയായ നിലയിലും കണ്ടെത്തിയിരുന്നു. 

മൊബൈൽ ഫോൺ ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞതിന് പെൺകുട്ടികൾ വീട് വിട്ടിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കുട്ടികൾ വീട്ടിൽ തിരിച്ചെത്തി. എന്നാൽ രാത്രി എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഇരുവരും മറുപടി നൽകിയില്ലെന്ന് വീട്ടുകാർ പറയുന്നു. ഒളിവിലായിരുന്ന സമയത്തും കുട്ടികൾ വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുപത്തൊന്നുകാരിയിൽ നിന്ന് മൊഴിയെടുത്താൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.