തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ്  പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. അഞ്ച് വയസിൽ താഴെയുള്ള ഇരുപത്തിനാലരലക്ഷം കുട്ടികൾക്കാണ് മരുന്ന് നൽകുന്നത്. പൾസ് പോളിയോ വിമുക്തരാജ്യമായി ഇന്ത്യയെ 2014ൽ പ്രഖ്യാപിച്ചതാണ്. എന്നാൽ  അയൽ രാജ്യങ്ങളിൽ പോളിയോ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിരോധ മരുന്ന് നൽകുന്ന പ്രചാരണ പരിപാടി വീണ്ടും തുടങ്ങിയത്. 

നേരത്തെ രണ്ട്  ദിവസങ്ങളിലായിരുന്നുവെങ്കിലും ഇത്തവണ ഒരു ദിവസം മാത്രമാണ് പ്രതിരോധമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ വിളപ്പിൽ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നടത്തി. സംസ്ഥാനത്ത് 24,247 ബൂത്തുകളും മൊബൈൽ ബൂത്തുകളിലുമായാണ് തുള്ളിമരുന്ന് വിതരണം.  ഇന്ന് പ്രതിരോധമരുന്ന് എടുക്കാൻ കഴിയാത്ത കുട്ടികൾക്കായി നാളെയും മറ്റന്നാളും  വീടുകളിൽ ചെന്ന് മരുന്ന് നൽകും.