ഇന്ന് ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ്  ഉപ്പയുടെ കൺമുനിൽ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. 

പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് (Popular Front) സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍ (FIR). രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ അബൂബക്കറിന്‍റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കൺമുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. 

സംഭവ സ്ഥലം സന്ദർശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനിൽ പ്രത്യേക യോഗം ചേർന്നു. തുടർന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നൽകുന്ന സംഘത്തിൽ 3 സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഡിവൈഎസ്പിമാർ പ്രേത്യക സംഘത്തിന് പുറത്തുനിന്ന് സഹായം നൽകും. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉൾപ്പെിട്ടുണ്ടെന്നും ഇവർ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം കിട്ടി. കൊഴിഞ്ഞാമ്പാറയിൽ നിന്ന് നേരെ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നും കരുതുന്നു. കൊലയാളി സംഘം രക്ഷപ്പെട്ടത് വാഗണർ കാറിലാണ്.