തിരുവനന്തപുരം: എൺപത് വയസിന് മുകളിലുള്ളവർക്കും അംഗപരിമിതർക്കും  നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട്. പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കുന്നവർക്കാണ് അനുമതി. കൊവിഡ് രോഗികൾക്ക് ഏങ്ങനെയാണ് വോട്ട് എന്നതിൽ തീരുമാനമായില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രായമായവർക്കും പോളിംഗ് ബൂത്തിൽ പരസഹായത്തോടെ മാത്രം വരാൻ കഴിയുന്നർക്കും പോസ്റ്റൽ വോട്ട് എന്ന ചരിത്രപ്രധാനമായ തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കുകാണ്. ഈ നടപടിക്കിടെ തന്നെ എൺപത് വയസിൽ കൂടുലുള്ളവരുടേയും അംഗപരിമിതരുടേയും പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം തയ്യാറാക്കും. 

തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി തപാൽ വോട്ട് ആവശ്യപ്പെടുന്നവർക്ക് തപാലിൽ തന്നെ ബാലറ്റ് അയച്ച് കൊടുക്കും. വോട്ട് ചെയ്ത് മടക്കി തപാലിൽ അയക്കണം. തപാൽ വോട്ടിനായി വോട്ടെടുപ്പ് തീയതിക്ക്  ഒരു മാസം മുൻപ് അപേക്ഷിക്കണമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ഏങ്ങനെയാണ് വോട്ടെന്ന് പരിശോധിച്ച് വരികയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.