കണ്ണൂർ ജ‌യിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ പിടികൂടിയത് ആറ് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ.

കണ്ണൂർ: കണ്ണൂർ ജ‌യിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ പിടികൂടിയത് ആറ് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ. ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. ശാരീരികമായും ഇയാൾ തയ്യാറെടുപ്പുകൾ നടത്തി. ജയിലിന്റെ അഴി മുറിക്കാൻ ഒന്നരമാസം സമയമെടുത്തു. ഇതിനുപയോ​ഗിച്ച ബ്ലേഡ് എടുത്ത് ജയിൽ‌ വർൿഷോപ്പിൽ നിന്നാണെന്ന് ചോദ്യം ചെയ്യലിൽ ​ഗോവിന്ദച്ചാമി സമ്മതിച്ചു. പാടുകൾ അറിയാതിരിക്കാൻ തുണികൊണ്ട് മറച്ചു. പുലർച്ചെ നാലരയോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. രണ്ട് വലിയ മതിലുകളാണ് ജയിലിലുളളത്.

ജയിലിൽ പാലും വെള്ളവും മറ്റും കൊണ്ടുവരുന്ന കന്നാസുകൾ കൂട്ടിവെച്ചാണ് ആദ്യമതിൽ ചാടി കടന്നത്. തുടർന്ന് കൈക്കലാക്കിയ തുണികൾ കൂട്ടിക്കെട്ടി കയറു രൂപത്തിൽ ആക്കി വലിയ മതിൽ കടന്നു. ഫെൻസിംഗ് ലൈനിന്റെ തൂണിലാണ് തുണി കെട്ടിയത്. ദേശീയപാതയിൽ നിന്നും 10 മീറ്റർ ഉള്ളിലുള്ള ഭാഗത്താണ് പുറത്തുചാടിയത്. തുടർന്ന് റോഡിലേക്ക് ഇറങ്ങി കണ്ണൂർ ഭാഗത്തേക്ക് നടന്നു. നാലു കിലോമീറ്റർ സഞ്ചരിച്ച് തളാപ്പിൽ എത്തി.

ഇതിനിടെ വഴിയാത്രക്കാരൻ ഗോവിന്ദച്ചാമിയെ കണ്ടു തിരിച്ചറിഞ്ഞു. ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോൾ ഓടി. തൊട്ടടുത്ത മതിൽ ചാടി കടന്ന് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. കാടുപിടിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടന്ന് ഒളിച്ചിരുന്നു. ദൃക്സാക്ഷി പോലീസിൽ വിവരം അറിയിച്ച് പോലീസ് എത്തി പരിശോധന തുടങ്ങിയപ്പോൾ അവിടെ നിന്ന് മാറി. തൊട്ടടുത്തുള്ള കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പുറകിൽ എത്തി. ഇവിടം നാട്ടുകാരും പോലീസും വളഞ്ഞതോടെ കിണറ്റിലേക്ക് ചാടി ഒളിഞ്ഞിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്ന് ​ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു.

Govindachamy arrested|Asianet News Live |Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്