മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവത്തിൽ സി ദിവാകരനോട് വിശദീകരണം തേടാനൊരുങ്ങി സിപിഐ. നാളെ തിരുവനന്തപുരം ജില്ലാ കൗൺസിൽ ദിവാകരന് നോട്ടീസ് നൽകും
തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവത്തിൽ സി ദിവാകരനോട് വിശദീകരണം തേടാനൊരുങ്ങി സിപിഐ. നാളെ തിരുവനന്തപുരം ജില്ലാ കൗൺസിൽ ദിവാകരന് നോട്ടീസ് നൽകും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിശദീകരണം തേടാനുള്ള തീരുമാനം എടുത്തത്. രണ്ടിടങ്ങളിൽ പങ്കെടുത്ത പരിപാടികളിലാണ് സി ദിവാകരൻ്റെ വിവാദപരാമർശങ്ങൾ ഉണ്ടാവുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിൽ സി ദിവാകരൻ മുഖ്യമന്ത്രിയെ പുകഴ്ത്തുകയായിരുന്നു.
കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് രണ്ട് മണിക്കൂർ കാത്തിരുന്നതെന്നും ദിവാകരൻ പറഞ്ഞിരുന്നു. സാധാരണയായി ആർക്കും വേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. 100 ദിവസം കൊണ്ട് കേരളത്തിന്റെ താല്പര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുന്നതാണെന്നും പ്രസംഗത്തിനിടെ പറഞ്ഞു. പരിപാടിയിൽ മുഖ്യമന്ത്രി വൈകി എത്തിയ സാഹചര്യത്തിലായിരുന്നു ദിവാകരൻ്റെ പരാമർശം.


