കൊല്ലം: കൊറോണവൈറസ് ലോകമാകെ വ്യാപിച്ച ഘട്ടത്തിലാണ് കൊറോണയെന്ന പേര് ചർച്ചയായത്. കേരളത്തിൽ അധികം കേട്ടുകേൾവിയില്ലാത്തതായിരുന്നു ആ പേര്. പക്ഷെ പിന്നീട് പലർക്കും ആ പേരുള്ള കാര്യം ചർച്ചയായി. ഇപ്പോഴിതാ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച, കൊറോണയെന്ന് പേരുള്ള യുവതി പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കൊല്ലം ജില്ലയിലെ കടവൂർ മതിലിൽ കാട്ടുവിള വീട്ടിൽ ആർട്ടിസ്റ്റ് തോമസിന്റെ ഇരട്ടമക്കളാണ് കോറലും കൊറോണയും. കൊറോണയേക്കാൾ 20 മിനിറ്റ് മൂത്തതാണ് കോറൽ. പവിഴത്തിന് ചുറ്റുമുള്ള പ്രകാശവലയം എന്നർത്ഥം വരുന്ന കോറൽ എന്ന് പേര് മകനിട്ടപ്പോൾ അതിനോട് സാമ്യം വരുന്ന ഒരു പേര് മകൾക്കായി തിരഞ്ഞു. അങ്ങിനെയാണ് കൊറോണയെന്ന പേരിലേക്ക് എത്തിയത്.

24 കാരിയായ കൊറോണയെ വിവാഹം കഴിച്ചത് പ്രവാസിയായ ജിനുവാണ്. കൊവിഡിനെ തുടർന്ന് ഇദ്ദേഹവും ഇപ്പോൾ നാട്ടിലുണ്ട്. അഞ്ച് വയസുകാരനായ അർണബ് ഇവരുടെ മൂത്ത മകനാണ്. ഈ മാസം 25നായിരുന്നു കൊറോണയുടെ പ്രസവ തീയതി പറഞ്ഞിരുന്നത്. ഇതിനിടയിൽ ഗർഭ സംബന്ധമായ പതിവ് പരിശോധനയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി. പനിയും തലവേദനയും ഛർദ്ദിയുമുണ്ടായിരുന്നു. തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തി, പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

ചെക്കപ്പിനായി ആശുപത്രിയിൽ മുൻപും പോയിട്ടുള്ളതിനാൽ ഇവിടെ നിന്നാവും രോഗം പകർന്നതെന്നാണ് നിഗമനം. കുടുംബത്തിൽ മറ്റാർക്കും കൊവിഡില്ല. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊറോണയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ച് ഇന്നലെ പുലർച്ചെ 2.30നാണ് കൊറോണ പെൺകുഞ്ഞിന് ജന്മം നൽകിയത്.

"24 വർഷം മുൻപല്ലേ പേരിട്ടത്. അന്നീ കാര്യമൊന്നും അറിയില്ലായിരുന്നു. മകന്റെ പേരിനോട് സാമ്യം തോന്നുന്ന ഒരു പേര് വേണം എന്ന് മാത്രമാണ് ചിന്തിച്ചത്. അങ്ങിനെയാണ് ഈ പേരിലേക്ക് എത്തിയത്. ആൽഫബെറ്റ് മാത്രം നോക്കിയാണ് പേരിട്ടത്,"-കൊറോണയുടെ പിതാവ് തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. "കൊറോണയെന്ന പേരിൽ ഇതുവരെ അവൾക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാൽ വൈറസ് വ്യാപനം തുടങ്ങിയതോടെയാണ് പേരിന്റെ അർത്ഥം മനസിലായത്. തുടക്കത്തിൽ വലിയ ചമ്മലായിരുന്നു മകൾക്ക്. ഇപ്പോൾ അതെല്ലാം മാറി,"-തോമസ് പറഞ്ഞു.

അമ്മയും കുഞ്ഞും ഒരുമിച്ച് തന്നെയാണുള്ളത്. ഇവർക്കൊപ്പം കൊറോണയുടെ അമ്മ ഷീബയും ഉണ്ട്. കൊറോണയ്ക്ക് കൊവിഡ് ചികിത്സ പുരോഗമിക്കുന്നുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.