മൂന്ന് സർക്കാർ ആശുപത്രികളിൽ യുവതിക്ക് ചികിത്സ നിഷേധിച്ചു എന്നാണ് പരാതി ഉയർന്നത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ കൊല്ലം ഡി എം ഒയ്ക്ക് നിർദ്ദേശം നൽകി. 

തിരുവനന്തപുരം: ഗർഭസ്ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ആശുപത്രികൾ ചികിത്സ നിഷേധിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്ന് സർക്കാർ ആശുപത്രികളിൽ യുവതിക്ക് ചികിത്സ നിഷേധിച്ചു എന്നാണ് പരാതി ഉയർന്നത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ കൊല്ലം ഡി എം ഒയ്ക്ക് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. 

പാരിപ്പള്ളി സ്വദേശിനിയായ യുവതിക്കാണ് ചികിൽസ നിഷേധിക്കപ്പെട്ടത്. ആശുപത്രികളുടെ ഭാ​ഗത്ത് നിന്ന് ക്രൂരമായ അവ​ഗണനയാണ് ഉണ്ടായതെന്നും യുവതിയുടെ കുടുംബം പറയുന്നു. പരവൂർ നെടുങ്ങോലം രാമ റാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി , തിരുവനന്തപുരം എസ് എ ടി ആശുപത്രികൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികിൽസ തേടി നെടുങ്ങോലം ആശുപത്രിയിൽ എത്തിയത്. 13 ന് എസ്എടിയിൽ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളിൽ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. മീര ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona