Asianet News MalayalamAsianet News Malayalam

പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 മി.മീ മഴ, തെറ്റമലയിൽ 409ഉം;ദുരന്തത്തിന് കാരണം കനത്തമഴ തന്നെയെന്ന് റിപ്പോർട്ട്

2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവിൽ വൻ ദുരന്തം സംഭവിച്ചത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 
 

Preliminary report of Geological Survey of India says heavy rains are the cause of Mundakkai disaster wayanad landslides
Author
First Published Aug 11, 2024, 8:07 AM IST | Last Updated Aug 11, 2024, 8:14 AM IST

തിരുവനന്തപുരം: നാടിനെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവിൽ വൻ ദുരന്തം സംഭവിച്ചത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴ തന്നെയാണെന്ന് ദുരന്തത്തിന് പിന്നാലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തി. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. 2019ൽ പുത്തുമലയിലേത് ഉൾപ്പടെ വെള്ളരിമലിയും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്, തെറ്റമലയിൽ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു. 

തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന് കിടന്ന പ്രദേശത്ത്, അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോൾ മർദ്ദം താങ്ങാനായില്ല. അതാണ് ഉരുൾപൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്ഐ കണ്ടെത്തൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയിൽ അവശിഷ്ടങ്ങൾ ഒഴുകിയ ആ കുത്തൊഴുക്കിൽ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരൽമലയും ശവപ്പറമ്പായി മാറിയെന്നാണ് ജിഎസ്ഐ റിപ്പോർട്ട്.

ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ 25 മുതൽ 40 ഡിഗ്രി വരെ ചരിവ് 5 മീറ്റർ വരെയാണ് മേൽമണ്ണിന്റെ കനം. ഉരുൾ പൊട്ടാനും ആഘാതം കൂട്ടാനും ഇതെല്ലാം കാരണമായി. 2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജിഎസ്ഐ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരൽമല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. എന്നാൽ ഈ പ്രദേശത്തിന്റെ ഉയർന്ന മലമ്പ്രദേശങ്ങൾ അതീവ ഉരുൾപൊട്ടൽ സാധ്യത പട്ടികയിൽപ്പെടുത്തിയിരുന്നു. ജിഎസ്ഐ ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടൈക്കെയും ചൂരൽമലയയും തകർന്നെെറിഞ്ഞ ദുരന്തത്തിന്റെ പൂർണ ചിത്രം തെളിയുക. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന് അന്തിമ റിപ്പോർട്ടിൽ വ്യക്തമാകും. 

മുനീറയ്ക്ക് ആധാർ കാർഡ് നൽകി സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിന് തുടക്കം; ആദ്യദിനം നൽകിയത് 645 രേഖകൾ

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios