യുദ്ധക്കപ്പലുകൾ, ഹെലികോപ്ടറുകള്‍, പായ്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവ അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തു. അൽപ്പസമയത്തിനകം രാഷ്ട്രപതി ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. 

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ram Nath Kovind) ദക്ഷിണ നാവികസേന ആസ്ഥാനത്ത് സന്ദർശനം തുടരുന്നു. രാവിലെ രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് മുമ്പാകെ വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു. യുദ്ധക്കപ്പലുകൾ, ഹെലികോപ്ടറുകള്‍, പായ്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവ അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തു. അൽപ്പസമയത്തിനകം രാഷ്ട്രപതി ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. നാളെ രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. വിവിധ പരിപാടികൾക്കുശേഷം 24 ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ദില്ലിക്ക് മടങ്ങും.

ഇന്നലെയാണ് കണ്ണൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.10-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ രാഷ്ട്രപതിയെത്തിയത്. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മേയർ അഡ്വ. എം. അനിൽകുമാർ, കെ ജെ മാക്സി എംഎൽഎ വൈസ് അഡ്മിറൽ എംഎ ഹമ്പി ഹോളി, സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.