രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജിക്കായി കോണണ്‍ഗ്രസിൽ സമ്മര്‍ദം ശക്തമാവുകയാണ്. രാജി ആവശ്യപ്പെടണമെന്ന ആവശ്യവുമായി വിഎം സുധീരനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. രാജികാര്യത്തിൽ തിരക്കിട്ട കൂടിയാലോചനകളാണ് കോണ്‍ഗ്രസിൽ നടക്കുന്നത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. രാഹുൽ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. രാഹുലിന്‍റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുൽ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസിൽ അഭിപ്രായമുയരുന്നുണ്ട്. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കായി പാർട്ടിയിൽ സമ്മർദം ശക്തമാകുന്നത്. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ഏറ്റുപിടിച്ച് കൂടുതൽ നേതാക്കൾ ഇന്ന് രംഗത്തെത്തി. 

രമേശ് ചെന്നിത്തലയും രാവിലെ രാജി ആവശ്യം ശക്തമാക്കിയിരുന്നു. രാഹുൽ എത്രയും വേഗം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന നിലപാട് വിഎം സുധീരനും പാര്‍ട്ടി കൂടിയാലോചനയിൽ നേതാക്കളെ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, ദീപാ ദാസ് മുൻഷി എന്നിവരെയാണ് വിഎം സുധീരൻ ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം രാഹുലിന്‍റെ രാജി ആവശ്യപ്പെടണമെന്ന് ഇന്ന് രാവിലെ തന്നെ സുധീരൻ നേതാക്കളെ അറിയിച്ചതായാണ് വിവരം.

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഒഴിയണമെന്ന് വനിതാ നേതാക്കളും ആവശ്യപ്പെട്ടു. രാഹുലിനെതിരെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും തുറന്നടിച്ചു. രാജിയുടെ കാര്യത്തിൽ രാഹുൽ വ്യക്തത വരുത്തുന്നില്ലെന്നും രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും ജോസഫ് വാഴക്കൻ തുറന്നടിച്ചു.ഇത്തരം വിഴുപ്പുകള്‍ ചുമക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും ജോസഫ് വാഴക്കൻ വ്യക്തമാക്കി. രാഹുലിനോട് രാജിവെക്കാൻ ആവശ്യപ്പെടണം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പുറത്താക്കണമെന്ന് ജോസഫ് വാഴക്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്‍റെ രാജി ആവശ്യപ്പെട്ടില്ലെങ്കിലും കൂടുതൽ വനിതാ നേതാക്കള്‍ ഇന്ന് രാജി ആവശ്യം പരസ്യമായി ഉന്നയിച്ചു. 

നിരവധി ആരോപണങ്ങൾ വന്നസ്ഥിതിക്ക് രാഹുൽ മാറിനിൽക്കുന്നതാണ് നല്ലെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.രാഹുൽ എത്രയും വേഗം രാജിവെക്കണമെന്നും ഒരു നിമിഷം മുമ്പെ രാജിവെച്ചാൽ അത്രയും നല്ലതാണെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു. ധാര്‍മിക ഉത്തരവാദിത്തമാണ് അത്. കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീകള്‍ക്കൊപ്പമാണ് എന്നുമെന്നും ഉമ തോമസ് പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ. ഇന്നലെ തന്നെ രാജിവെയ്ക്കുമെന്നാണ് കരുതിയത്. രാഹുൽ ഇതുവരെ ഒരു മാനനഷ്ടകേസ് പോലും നൽകിയിട്ടില്ല. അതിനര്‍ത്ഥം ഇതൊക്കെ ചെയ്തുവെന്ന് തന്നെ അല്ലേ അര്‍ഥമെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു. പാർട്ടി തീരുമാനം ഉടനുണ്ടാകുമെന്നായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.

അതേസമയം, രാഹുലിന്‍റെ രാജിയിൽ നിയമോപദേശം തേടാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. രാഹുൽ രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നതിൽ ഉപദേശം തേടും. രാജി വെച്ചില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ട്.രാജി അല്ലെങ്കിൽ പ്ലാൻ ബി ആയിട്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. രാജി വേണമെന്ന് വിഡി സതീശനും രമേശ് ചെന്നിത്തലയും ചില എംപിമാരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി പറഞ്ഞു.ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കും മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചു. കോൺഗ്രസ് സ്ത്രീപക്ഷത്ത് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നു അത് സിപിഎമ്മിനെ പോലെ ന്യായീകരണങ്ങളിലേക്ക് കോൺഗ്രസ് പോയില്ല. കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്ന് തന്നെയാണ് നിലപാട്. എന്നാൽ, സ്ത്രീകൾക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു. രാഹുൽ മാറി നിൽക്കമെന്ന് കെകെ രമ എംഎൽഎയും വ്യക്തമാക്കി.

YouTube video player