രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, പാർട്ടിയിലെ ഒരു വിഭാഗം അതിനെ എതിർക്കുകയാണ്. രാഹുൽ രാജി വെക്കണമെന്ന് നേതാക്കളുമായുള്ള കൂടിയാലോചനയിൽ ചെന്നിത്തലയും നിലപാട് അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്. അതേസമയം, ബിജെപി. ഇടപെട്ട് അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ തിരിച്ചടിയാകുമെന്ന ഭയത്തിൽ രാജി ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് വാദിക്കുന്ന ഒരു വിഭാഗം നേതാക്കളും പാർട്ടിയിലുണ്ട്. രാജിക്കാര്യത്തിൽ കേരള നേതൃത്വം തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വ്യക്തമാക്കി. ഉടൻ തന്നെ പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്നും ഇന്നലെ പുറത്തുവന്ന ഫോൺ സംഭാഷണം കൂടുതൽ ഗൗരവമുള്ളതാണെന്നും കെ.മുരളീധരൻ പറഞ്ഞു. അതേസമയം, പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും രാഹുലിനെതിരെ പരോക്ഷവിമർശനവുമായി രംഗത്തെത്തി. ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ കരുതൽ പാലിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ആരും ഡിസിസിയെ സമീപിച്ചിട്ടില്ലെന്നും, രാഹുലിനെതിരായ ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ എംഎൽഎ പദവിയിൽ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. രാഹുൽ തുടരണോ എന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും കെപിഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടികളെ സ്നേഹം നടിച്ച് വഞ്ചിക്കുന്ന രാഹുലിന് വൈകൃതമാണെന്ന് സി.പി.എം. നേതാവ് പി.കെ.ശ്രീമതി ആരോപിച്ചു. കെ.പി.സി.സിയും ഷാഫി പറമ്പിലും ഇടപെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെക്കൊണ്ട് രാജി വെപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.