ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകുന്ന അവസ്ഥ വന്നാൽ അത് ജനാധിപത്യപരമാകില്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ചൂണ്ടികാട്ടി

കോട്ടയം: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയിൽ നിലപാട് പറഞ്ഞ് ഓർത്തഡോക്സ് സഭാധ്യക്ഷൻ (Primate of Malankara Church) ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ (Marthoma Mathews III) രംഗത്ത്. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓർത്തഡോക്സ് സഭാധ്യക്ഷൻ രാജ്യത്തിന്റെ വികസനത്തിന് എതിര് നിൽക്കാൻ പാടില്ലെന്നും ചൂണ്ടികാട്ടി. പക്ഷേ പദ്ധതി നടപ്പാക്കുമ്പോൾ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകരുതെന്നും അങ്ങനെ വന്നാൽ അത് ജനാധിപത്യപരമാകില്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ വിവരിച്ചു.

'സുപ്രീംകോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു'; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

കെ റെയിൽ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ സി ബി സി

അതേസമയം സിൽവർലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി നേരത്തെ രം​ഗത്തുവന്നിരുന്നു. സ‍ർക്കാർ സംശയ നിവാരണം വരുത്തണമെന്നും ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സർക്കാ‍ർ ഉചിതമായ തീരുമാനം എടുക്കണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ചോദ്യങ്ങളും വി‍മർശനങ്ങളും പൂ‍ർണമായി അവഗണിക്കാൻ കഴിയില്ലെന്നും പതിനായിരക്കണക്കിന് കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നുവെന്നും കെ സി ബി സി ചൂണ്ടികാട്ടി. സർക്കാർ വിമർശനങ്ങളെ ഗൗരവമായി തന്നെ ഉൾക്കൊളളണമെന്നും മൂലമ്പളളി പോലുളള മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാകില്ലെന്നും കെ സി ബി സി കൂട്ടിച്ചേർത്തു. 

കെ സി ബി സിയുടെ പ്രസ്താവന പൂ‍ർണരൂപത്തിൽ

കേരളത്തിന്‍റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്.അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണം

പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം.ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം.

ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠന രീതിയെയാണ് എതിര്‍ക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.-കേരളാ കത്തോലിക്കാ മെത്രാൻ സമിതി.

നോട്ടീസ് നൽകാതെ കല്ലിടുന്നതെങ്ങനെ? കോടതി ഉത്തരവുകളെ സർക്കാർ ഉത്തരവ് കൊണ്ട് മറികടക്കരുത്: ഹൈക്കോടതി