Asianet News MalayalamAsianet News Malayalam

നരസിംഹറാവുവിനേയും മന്‍മോഹന്‍സിംഗിനേയും കോണ്‍ഗ്രസ് മറന്നെന്ന് പ്രധാനമന്ത്രി

ഒരുപാട് കാലത്തിന് ശേഷം വലിയ ഭൂരിപക്ഷം നല്‍കി രാജ്യത്തെ ജനങ്ങള്‍ ഒരു സര്‍ക്കാരിന് ഭരണ തുടര്‍ച്ച നല്‍കിയിരിക്കുകയാണ്. 

 

prime minister modi speech in loksabha
Author
Delhi, First Published Jun 25, 2019, 5:52 PM IST

ദില്ലി: അടിയന്തരാവസ്ഥയെ സ്മരിച്ചും കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ പ്രസംഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചത്. രാജ്യപുരോഗതിക്കായി സംഭാവനകള്‍ നല്‍കിയവരെ അവഗണിച്ച ചരിത്രമാണ് കോണ്‍ഗ്രസിനെന്ന് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

നരസിംഹറാവുവിനേയും അടല്‍ ബീഹാരി വാജ്പേയേയും അവര്‍ മറന്നു. മന്‍മോഹന്‍സിംഗ് രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് പോലും അവന്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ നേരെ മറിച്ചാണ് ഞങ്ങളുടെ നിലപാട്. പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയത് ഞങ്ങളുടെ സര്‍ക്കാരാണ്.  ഗാന്ധി എന്ന വാക്കില്‍ ചുറ്റിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. 

മോദിയുടെ വാക്കുകള്‍.. 

  • നന്ദി പ്രമേയത്തിന് മറുപടി നല്‍കാനായാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം രാജ്യത്തെ ജനങ്ങളുടെ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 
  • കരുത്തുറ്റതും വികസനത്തിലേക്ക് കുതിക്കുന്നതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു രാജ്യം എന്ന സ്വപ്നം സാധ്യമാക്കാനുള്ള അവസരം നാം പാഴാക്കരുത്
  • ഭാരതത്തിലെ ജനങ്ങള്‍ ഒരു സ്ഥിരതയുള്ള സര്‍ക്കാരിനെ ഇക്കുറി തെരഞ്ഞെടുത്തിരിക്കുന്നു. തങ്ങളുടെ താത്പര്യങ്ങള്‍ക്കും മുകളില്‍ രാജ്യത്തിന്‍റെ ഭാവിഗുണത്തെക്കുറിച്ചാണ് ജനങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. 
  • തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും, ആര് തോല്‍ക്കും എന്നതിനെക്കുറിച്ച് ഞാന്‍ വ്യസനപ്പെടുന്നില്ല. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും അവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതുമാണ് എനിക്ക് പ്രധാനം. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചതിലും വലുതല്ല ഒന്നും. 
  • പാവപ്പെട്ടവര്‍ക്ക് വേണ്ടിയാവും എന്‍റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക എന്ന് ഞാന്‍ 2014-ല്‍ പറഞ്ഞിരുന്നു. രാജ്യത്തെ സാധാരണക്കാര്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പോരാടുന്ന ഒരവസ്ഥ ഇവിടെ ഉണ്ടായിരുന്നു. 
  • വികസനത്തിലേക്കുള്ള നമ്മുടെ യാത്ര വഴിതെറ്റിയിട്ടില്ല, വികസന അജന്‍ഡകളില്‍ നമ്മള്‍ വെള്ളം ചേര്‍ത്തിട്ടില്ല, ഒന്നുമില്ലാത്തവര്‍ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിച്ചത്. 
  • രാജ്യം പുരോഗമിക്കുക, എല്ലാ ഇന്ത്യക്കാരിലും വികസനം എത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എല്ലായിടത്തും എത്തിക്കുക ഇതൊക്കെ പ്രധാനമാണ്. പൊതുജനക്ഷേമം ഉറപ്പാക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ആധുനികവത്കരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. 
  • മറ്റുള്ളവരെ വലിച്ചു താഴെയിടാന്‍ ഞങ്ങള്‍ സമയം കളയില്ല. ഞങ്ങളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്താനാണ്  ശ്രമിക്കുന്നത്. ഒരുപാട് വളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് മറ്റുള്ളതെല്ലാം മറന്നു. എന്നാല്‍ വേരുകള്‍ ശക്തിപ്പെടുത്തിയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. 
  • മറ്റുള്ളവരുടെ അധ്വാനത്തേയും സംഭാവനകളേയും കോണ്‍ഗ്രസ് മറന്നു. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരെ പോലും അവര്‍ അവഗണിച്ചു. അടല്‍ ബീഹാരി വാജ്പേയും പിവി നരസിംഹറാവുവും കോണ്‍ഗ്രസ് മറന്നവരുടെ പട്ടികയില്‍ വരും. എന്നാല്‍ മറുവശത്ത് പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കുകയാണ് ഞങ്ങള്‍ ചെയ്തത്. 

  • അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒരു വലിയ ജയിലായി മാറി. മാധ്യമങ്ങളെ നിശബ്ദരാക്കി രാജ്യത്തെ മഹത് വ്യക്തികളെ ജയിലിലാക്കി. രാജ്യത്തിന്‍റെ ചരിത്രത്തിലെ കറുത്ത ഏടായി അടിയന്തരാവസ്ഥ അവശേഷിക്കും

  • ധീരരായ ഒട്ടനവധി മനുഷ്യര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവത്യാഗം ചെയ്തു. അവര്‍ സ്വപ്നം കണ്ട ഇന്ത്യയാണ് നമ്മുക്ക് യഥാര്‍ഥ്യമാക്കേണ്ടത്. 

  • ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവും സ്വാതന്ത്രലബ്ധിയുടെ 75-ാം വര്‍ഷികവും ഗംഭീരമായി ആഘോഷിക്കണം

  • 70 വര്‍ഷമായി നിലനില്‍ക്കുന്ന ശീലങ്ങളും ചിട്ടകളും മാറാന്‍ സമയമെടുക്കും എന്നെനിക്കറിയാം. അടിസ്ഥാന ലക്ഷ്യത്തില്‍ നിന്നും ഞങ്ങള്‍ ഇപ്പോഴും വഴി മാറിയിട്ടില്ല. നമ്മുക്ക് മുന്നോട്ട് പോകണം. ബഹിരാകാശത്തായാലും അടിസ്ഥാനവികസനത്തിലായാലും നാം കുതിക്കണം. 

  • 2004 മുതല്‍ 2014 വരെ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരിനെ ഞാന്‍ വെല്ലുവിളിക്കുന്നു. എന്നെങ്കിലും അവര്‍ വാജ്പേയ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചിരുന്നോ. നരസിംഹറാവു സര്‍ക്കാര്‍ ചെയ്ത എന്തെങ്കിലും നല്ല കാര്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടുണ്ടോ. മന്മമോഹന്‍സിംഗ് ജി നല്‍കിയ സംഭാവനകളെ കുറിച്ച് പോലും ഇവര്‍ ലോക്സഭയില്‍ മിണ്ടിയിട്ടില്ല. 

  • രാജ്യപുരോഗതിക്ക് വേണ്ടി പ്രയ്തനിച്ച ചിലരെ മാത്രം എപ്പോഴും പുകഴ്ത്തുകയും ബാക്കി ഭൂരിപക്ഷത്തെ അവഗണിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഞങ്ങള്‍ പക്ഷേ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. രാജ്യത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഓരോ പൗരനേയും ഞങ്ങള്‍ പരിഗണിക്കും. 

  • കോണ്‍ഗ്രസ് ചരിത്രനേതാക്കളെ മറന്ന പാര്‍ട്ടിയാണ്. ഗാന്ധി എന്ന വാക്കില്‍ ചുറ്റിയാണ് അവര്‍ നിലനില്‍ക്കുന്നത്. 

  • രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കേണ്ട സമയമാണിത്. 

  • ശക്തവും സുരക്ഷിതവുമായ ഇന്ത്യയ്ക്കായി മുന്നോട്ട് പോകണം. അതിനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും സ്വാഗതം ചെയ്യുന്നു. നാം ഒന്നിച്ച് നിന്ന് രാജ്യത്തെ അടുത്ത ഉയരങ്ങളിലേക്ക് എത്തിക്കണം.

  • രാജ്യത്തോടുള്ള കരുതലായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിർവഹിച്ചത്. ജനങ്ങളുടെ പ്രതീക്ഷകളാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്

  • ഇന്ത്യയെ ലോകശക്തിയാക്കി മാറ്റണം. ജനങ്ങൾ നൽകിയ വിശ്വാസം നിലനിർത്തുക എന്നതാണ് പ്രധാനം

  • രാജ്യത്തെ 130 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണ് തന്‍റെ മനസിലുള്ളത്.പ്രധാനലക്ഷ്യങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിക്കുന്ന സർക്കാരാവില്ല എന്‍റേത്. താൻ സാധാരണ വ്യക്തി മാത്രമാണ്. ഇത് പാവപ്പെട്ടവന്റെ സർക്കാരാണ്. ജാതിക്കും സമുദായങ്ങൾക്ക് അപ്പുറത്തേക്ക് ജനങ്ങളെ ഉയർത്തിക്കൊണ്ടുവരണം

  • കർഷകർക്കായി ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ സർക്കാർ എടുത്തിട്ടുണ്ട്.കാർഷികരംഗത്ത് ഘടനാപരമായ മാറ്റങ്ങൾ വേണം.പഴയ രീതികൾ മാറണം.

  • കാര്‍ഷിക രംഗത്ത് കൊണ്ടു വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ മൂന്നാഴ്ചയായി സര്‍ക്കാര്‍ തലത്തില്‍ നടന്നു വരികയായിരുന്നു. കർഷകർക്ക് വേണ്ടി എല്ലാവരും ഒന്നിച്ച‌ നിൽക്കണം.

  • രാജ്യം നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ഗൗരവമായ ഇടപെൽ വേണം. എല്ലാ എംപിമാരും ജലസംരക്ഷണ പദ്ധതികൾക്ക് മുൻഗണന നൽകണം. എല്ലാ വീടുകളിലും കുടിവെള്ളം എന്നത് തന്‍റെ സ്വപ്നമാണ്. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ജലശക്തിമന്ത്രാലയം രൂപീകരിച്ചത്. 

  • അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായ ഇന്ത്യയെ മാറ്റുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അഴിമതിക്കെതിരെയുള്ള ഈ സര്‍ക്കാരിന്‍റെ പോരാട്ടം തുടരും. 

  • സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ് മുത്തലാഖ് നിരോധനബില്‍  കൊണ്ടുവന്നത്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടു വന്നത്. എന്നാല്‍ കോണ്‍ഗ്രസ് മുസ്ലീം വനിതകളെ അപമാനിക്കുകയാണ്. അവരുടെ ഉന്നമനത്തിനായി കോണ്‍ഗ്രസ് ഒന്നും തന്നെ ചെയ്തിട്ടില്ല. 
     

Follow Us:
Download App:
  • android
  • ios