ദില്ലി: ആൻഡമാൻ നിക്കോബാർ ദ്വീപുകളെ രാജ്യത്തെ അതിവേഗ ബ്രോഡ്ബാൻഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സമുദ്ര അടിത്തട്ടിലൂടെ ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയർ വരെ നീളുന്ന ഓപ്റ്റിക്കൽ ഫൈബർ കേബിൾ ലിംഗ് പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി യാഥാർത്ഥ്യമായതോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കൂടുതൽ വേഗമേറിയ ഇൻ്റർനെറ്റ് ലഭ്യമായി തുടങ്ങും. 

പോർട്ട് ബ്ലയർ, സ്വരാജ് ദ്വീപ്, ലോംഗ് ഐലൻഡ്, രംഗാത്ത്, ലിറ്റിൽ ആൻഡമാൻ, കമറോട്ട, കാർ നിക്കോബാർ, ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിലും മികച്ച ഇൻ്റ‍‌‌‌ർനെറ്റ് കണക്ടിവിറ്റി ഇനി മുതൽ ലഭ്യമാകും. മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ പത്ത് മടങ്ങ് വേഗതയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ബിഎസ്എൻഎൽ അറിയിക്കുന്നത്. 

പ്രദേശത്തിന്റെ വികസനത്തിലും സാമ്പത്തിക രംഗത്തിനും വേഗമേറിയ ഇൻ്റ‍‌ർനെറ്റ് കണക്ടിവിറ്റി കൈത്താങ്ങാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.